കൊച്ചി : സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇ ഡി നോട്ടീസ്. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരിവന്നൂര്‍ ബാങ്കില്‍ സി പി എമ്മിന്റെ പേരില്‍ ചട്ടങ്ങള്‍ ലംഘിച്ച് രഹസ്യ അക്കൗണ്ട് തുറന്നതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിനായാണ് ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
സി പി എമ്മിന്റെ ഉന്നതരായ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കരിവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് അരങ്ങേറിയതെന്ന് നേരത്തെ ഇ ഡി കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മുന്‍ മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീന് കേരളാ ബാങ്ക് വൈ. പ്രസിഡന്റ് എം കെ കണ്ണന് എന്നിവര്‍ക്കും വരും ദിവസങ്ങളില്‍ ഇ ഡി നോട്ടീസ് നല്‍കാനാണ് സാധ്യത. എ സി മൊയ്തീനെയും എം കെ കണ്ണനെയും നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യ പരമായ കാരണങ്ങളാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെയും നേരത്തെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. കരിവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ നടപടി ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആലത്തൂര്‍ സ്ഥാനാര്‍ത്ഥി ഡോ സരസുവിന് ഉറപ്പ് നല്‍കിയിരുന്നു.
കരിവന്നൂരില്‍ ഇ ഡി നടപടി കടുപ്പിക്കുമെന്നും അറസ്റ്റുണ്ടായേക്കാമെന്നുമുള്ള സൂചനകള്‍ മുഖ്യമന്ത്രിക്കും സി പി എം നേതാക്കള്‍ക്കും കുറച്ചു ദിവസം മുന്‍പ് ലഭിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അപ്രതീക്ഷിതമായി തൃശ്ശൂരില്‍ എത്തിയതും എ സി മൊയ്തീന്, എം എം വര്‍ഗീസ്, എം കെ കണ്ണന്, മുന്‍ എം പി പി കെ ബിജു എന്നിവരുമായി മുഖ്യമന്ത്രി രഹസ്യ ചര്‍ച്ച നടത്തിയതും സി പി എം അണികളില്‍ ആശങ്കയുയര്‍ത്തിയിരുന്നു.
ഇന്ന് വൈകിട്ടാണ് ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ് അയച്ചതായി വാര്‍ത്തപുറത്തു വന്നത്. എന്നാല്‍ ഇ ഡിയുടെ സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് എം എം വര്‍ഗീസന്റെ പ്രതികരണം.