കൊച്ചി: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകൾ പിന്തുടരുന്ന കേരള വിദ്യാഭ്യാസച്ചട്ടം ബാധകമല്ലാത്ത സ്കൂളുകൾക്ക് രാവിലെ 7.30മുതൽ 10.30വരെ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകി. കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരള, കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബുദുൾ ഹക്കിം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ലാസ് നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും വേനലവധിയുടെ കാര്യത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ബാധകമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കെ.ഇ.ആർ.ബാധകമായ സ്കൂൾ അവധിക്കാല ക്ലാസിന് അനുമതി തേടിയ ഹർജി തള്ളുകയും ചെയ്തു. അക്കാദമിക് താത്പര്യവും വിദ്യാർഥികളുടെ വിനോദതാത്പര്യങ്ങളും കണക്കിലെടുത്ത് വേനലവധിയുടെ കാര്യത്തിൽ സർക്കാർ യുക്തമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബോർഡ് പരീക്ഷകൾ നടക്കുന്നതിനാൽ 10, 12 ക്ലാസ് വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസ് നടത്താൻ അനുമതി നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മേയ് മുതലായിരിക്കും അവധിക്കാല ക്ലാസ് സംഘടിപ്പിക്കുകയെന്ന് കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾ കേരള വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു നിർദേശം മറ്റുള്ളവർ മുന്നോട്ടു വെച്ചിരുന്നില്ല.