കൊച്ചി: 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാനാണെന്നും ഇതിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ഒരു മാസത്തിലേറെയായി മുഖ്യമന്ത്രി ഒരേ കാര്യം പ്രസംഗിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും ഭരണ പരാജയവും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
‘നോമ്പ് നോക്കുന്നയാൾ, പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്ന് കരുതുന്നയാൾ’: സുരേഷ് ഗോപി
18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017ല്‍ കൊണ്ടുവന്ന കെ ഫോണ്‍ പദ്ധതി 2024ലും നടപ്പാക്കാനായില്ലെന്ന് സതീശൻ പറഞ്ഞു. ‘‘ആദ്യം 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്, പിന്നീടത് നിയോജകമണ്ഡലങ്ങളില്‍ 14,000 ആയി കുറച്ചു. അവസാനം 7,000 പേര്‍ക്ക് പോലും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാതെ അതിനായി നിയോഗിച്ചിരുന്ന കമ്പനികള്‍ പണി നിര്‍ത്തിപ്പോയി.‘
‘‘ടെന്‍ഡര്‍ നടപടിക്കു ശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50% ടെണ്ടര്‍ കൂടുതലായി അനുവവദിച്ച് 1500 കോടിയാക്കി. എസ്ആര്‍ഐടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിനു പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിനു രൂപ കമ്പനികള്‍ക്കെല്ലാം ചേര്‍ന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്’’– സതീശൻ ആരോപിച്ചു.
പദ്ധതിക്കുവേണ്ടി കിഫ്ബിയില്‍ നിന്നും കടമെടുത്ത 1032 കോടി രൂപ അടുത്ത മാസം മുതല്‍ പ്രതിവര്‍ഷം 100 കോടി വീതം തിരിച്ചടയ്ക്കണമെന്നു സതീശൻ ചൂണ്ടിക്കാട്ടി. ‘‘എവിടുന്ന് കൊടുക്കും ഈ പണം? പദ്ധതിയില്‍നിന്നും ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്.
ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എഐ ക്യാമറ അഴിമതിക്കു പിന്നിലും. കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ എസ്ആര്‍ഐടി കരാര്‍ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏഴ് കൊല്ലമായിട്ടും പൂര്‍ത്തിയാക്കാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ ഫോണ്‍ കൊള്ളയില്‍ ഗൗരവതരമായ അന്വേഷണം നടത്തണം’’– സതീശന് ആവശ്യപ്പെട്ടു.