കൊച്ചി:മാസപ്പടി കേസില്‍ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആര്‍എല്‍.വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ ഇഡിയെ അറിയിച്ചിരിക്കുന്നത്.രേഖകള്‍ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്നാണ് വാദം.സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാറുകളുമാണ് ഇഡി ആവശ്യപ്പെട്ടത്.ആവശ്യപ്പെട്ട രേഖകള്‍ ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് നടപടികളുടെ ഭാഗമായതാണെന്ന് സിഎംആര്‍എല്‍ അറിയിച്ചു.സെറ്റില്‍മെന്റ് കമ്മിഷന്റെ നടപടികള്‍ തീര്‍പ്പാക്കിയതാണെന്നും മറ്റൊരു ഏജന്‍സികള്‍ക്കും പുനഃപരിശോധിക്കാനാകില്ലെന്നും സിഎംആര്‍എല്‍ മറുപടി നല്കി.ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ നീക്കം.
മാസപ്പടി കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.സിഎംആര്‍എല്‍ എംഡി സി എന്‍ ശശിധരന് കര്‍ത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇന്നലെയും ഹാജരായിരുന്നില്ല.ആരോഗ്യപ്രശ്നങ്ങളടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥര്രുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു.ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്.തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്.
തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി ഉടമകള്‍ രംഗത്ത്
സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം.ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം.എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം ആരംഭിച്ചു.ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്.സിഎംആര്‍എല്ലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക.മുഖ്യമന്ത്രിയുടെ മകള്‍ അടക്കമുളളവരെക്കൂടി വിളിച്ചുവരുത്താനുളള നീക്കത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി.