മിനസോട്ട: ആസ്ത്മ ബാധിച്ച് ഒമ്പത് വയസ്സുള്ള മകൾ മരിച്ച സംഭവത്തിൽ യു.എസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. ഒമ്പത് വയസുകാരി ആമി മരിച്ച സംഭവത്തിൽ മാതാപിതാക്കളായ ആന്റണി, റേച്ചൽ മോഡ്രോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടി മിനസോട്ടയിലെ മിനിയാപൊളിസിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ചികിത്സ നൽകാൻ വിസമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ശ്വാസതടസ്സം അനുഭവപ്പെടുപ്പോൾ മുത്തശ്ശിയുടെ ഇൻഹേലർ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആമി സുഹൃത്തിന്റെ അമ്മയോട് പറഞ്ഞതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. സുഹൃത്തിന്റെ അമ്മ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞെങ്കിലും മാതാപിതാക്കൾ തയാറായില്ല.മൂന്ന് മണിക്കൂറിന് ശേഷം ഒരു കുടുംബസുഹൃത്ത് വീട്ടിൽ എത്തിയപ്പോൾ ശരീരം നീല നിറത്തിലും കൈകാലുകൾ ഉയർത്താൻ ബുദ്ധിമുട്ടുന്ന രീതിയിലുമാണ് ആമിയെ കണ്ടത്. കുട്ടിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് പറഞ്ഞ് കുടുംബസുഹൃത്താണ് ആമിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും ഓക്സിജൻ ലഭിക്കാതെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുട്ടി മരണപ്പെടില്ലായിരുന്നെന്ന് ഡോക്ടർ അറിയിച്ചു.