രാജ്യസഭാ സീറ്റിനെ ചൊല്ലി എല്‍ ഡി എഫില്‍ പോര് മുറുകുന്നു.ഒഴിവുവരുന്ന ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി സി പി ഐ രംഗത്തെത്തിയതോടെയാണ് കലഹം രൂക്ഷമാവുന്നത്.അടുത്ത ജൂലൈ ഒന്നിന് എല്‍ ഡി എഫ് അംഗങ്ങളായ ജോസ് കെ മാണി,എളമരം കരിം,ബിനോയ് വിശ്വം എന്നിവരുടെ രാജ്യസഭയിലെ കാലാവധി അവസാനിക്കും.ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ ഡി എഫിന് വിജയിച്ചുകയറാവുന്നത്.ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കടുത്ത നിലപാടിലാണ് കേരളാ കോണ്‍ഗ്രസ്.
രാജ്യസഭാംഗമായിരിക്കെയാണ് ജോസ് കെ മാണി എല്‍ ഡി എഫില്‍ എത്തുന്നത്.രാജ്യസഭാംഗത്വം രാജിവച്ച് വീണ്ടും രാജ്യസഭാംഗമായ ജോസ് കെ മാണി പാലായില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ ആശങ്കയിലായിരുന്നു.ദേശീയതലത്തില്‍ സി പി ഐ, സി പി എം പാര്‍ട്ടികള്‍ക്ക് തിരിച്ചടി ഉണ്ടായാല്‍ രാജ്യസഭാ സീറ്റുകൊണ്ടു മാത്രമേ പിടിച്ചു നില്‍ക്കാനാവൂ.എന്നാല്‍ ഒരു സീറ്റ് തങ്ങള്‍ക്ക് വേണമെന്ന ശക്തമായ നിലപാട് ആവര്‍ത്തിക്കുകയാണ് ജോസ് കെ മാണി.സി പി എമ്മിനെ ഇക്കാര്യം നേരത്തെ കേരളാ കോണ്‍ഗ്രസ് എം അറിയിച്ചിട്ടുണ്ട്.
പാലായില്‍ തോറ്റതോടെ ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാന്‍ പറ്റില്ലെന്ന് ജോസ് കെ മാണിയും തിരിച്ചറിഞ്ഞിരിക്കയാണ്.രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ ജോസ് കെ മാണി പെരുവഴിയിലാവും.ഇതാണ് കേരളാ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്.സി പി ഐ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ്.കേരളാ കോണ്‍ഗ്രസ് എല്‍ ഡി എഫിലേക്ക് വരുന്നതിനെ ഏറ്റവും ശക്തമായി എതിര്‍ത്തിരുന്നതും സി പി ഐ ആയിരുന്നു.മൂന്നു സീറ്റില്‍ എല്‍ ഡി എഫിന് വിജയിക്കാവുന്നത് രണ്ട് മാത്രമാണ്.കോണ്‍ഗ്രസിന് വിജയിക്കാവുന്ന ഒരു സീറ്റ് മൂന്നാം സീറ്റ് വിവാദത്തില്‍ ലീഗിന് നല്കാന് തീരുമാനിച്ചിരുന്നതിനാല്‍ യു ഡി എഫില്‍ തര്ക്കമണ്ടാവില്ല.
കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ മത്സരിച്ച കോട്ടയത്ത് തിരിച്ചടിയുണ്ടാവുമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍.ലോക് സഭാ സീറ്റും രാജ്യസഭാ സീറ്റും ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇതു രണ്ടും നഷ്ടമായാല്‍ അത് അഭിമാന പ്രശ്നമാവും.രാജ്യസഭാ സീറ്റ് ഏതുവിധേനയും നേടിയെടുക്കാനുള്ള നീക്കത്തിലാണ് ജോസ് കെ മാണി.എല്‍ ഡി എഫില്‍ വിഷയം അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജോസ് കെ മാണി.കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് മത്സരിക്കാന്‍ ജോസ് കെ മാണിയോട് സി പി എം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കോട്ടയത്ത് സിറ്റിംഗ് എം പിയായ തോമസ് ചാഴികാടന് തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം എം പി യായിരുന്ന ജോസ് കെ മാണി കാലാവധി തീരുംമുന്‍പ് എം പി സ്ഥാനം രാജിവച്ച് രാജ്യസഭാംഗമായി.മുന്നണി മാറിയ ജോസ് കെ മാണി പാലായില്‍ മത്സരിച്ച് വിജയിച്ച് മന്ത്രിയാവുകയെന്നതായിരുന്നു ലക്ഷ്യം.എന്നാല്‍ പാലായിലെ ദയനീയ പരാജയം ജോസ് കെ മാണിയുടെ സ്വപ്നങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു.എല്‍ ഡി എഫിലേക്ക് പോയ ജോസ് കെ മാണി ഒടുവില്‍ പാര്‍ട്ടിയില്‍ പോലും അശക്തനാവും.ഇടുക്കിയില്‍ നിന്നും വിജയിച്ച് മന്ത്രി സഭയില്‍ അംഗമായതോടെ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസില്‍ അധികാര കേന്ദ്രം.ജോസ് കെ മാണിയുടെ നീക്കങ്ങള്‍ ഫലിച്ചില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിപോലും കരിനിഴലിലാവും.
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമൊന്നും എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സി പി എം.എല്‍ ഡി എഫ് യോഗം 13 ന് ചേരുമെങ്കിലും മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനുള്ള സാധ്യതയും കുറവാണ്.ഒഴിവു വരുന്ന രണ്ടുസീറ്റില്‍ ഒരു സീറ്റ് വേണമെന്ന ആവശ്യം സി പി ഐ യോഗത്തില്‍ ഉന്നയിക്കും. മുന്നണിയിലേക്ക് കൂടുതല്‍ കക്ഷികള്‍ കടന്നുവരുമ്പോള്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരുമെന്ന സ്ഥിരം പല്ലവി ഇത്തവണ അംഗീകരിക്കേണ്ടതില്ലെന്നാണ് സി പി ഐയുടെ പക്ഷം.
ബിനോയ് വിശ്വത്തെക്കൂടാതെ പി സന്തോഷ് കുമാറാണ് സി പി ഐ യുടെ രാജ്യസഭാംഗം.സി പി എമ്മിന് ജോണ്‍ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹിം എന്നിവര്‍ 2027, 28 വരെ കാലാവധിയുള്ളവരാണ്.സി പി ഐക്ക് ദേശീയതലത്തില്‍ ഒരു സീറ്റ് സി പി എമ്മിനും രണ്ടാം സീറ്റ് സി പി ഐ എന്നാണ് നേരത്തെ ഉണ്ടായിരുന്ന രീതി. ഭരണത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന സീറ്റിന്റെ എണ്ണം കുറയുന്നതിനോട് ഒരുതരത്തിലും സന്ധി ചെയ്യേണ്ടെന്ന സി പി ഐയുടെ നിലപാട് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കും.
മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയെ പിണക്കാന്‍ സി പി എമ്മും തയ്യാറാവില്ല. ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതകള്‍ സി പി ഐ വ്യക്തമാക്കും. ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാണ് കേരളാ കോണ്‍ഗ്രസ് എം എന്നും അതിനാല്‍ രാജ്യസഭയില്‍ ഒരു അംഗം ഉണ്ടാവേണ്ടതിനെക്കുറിച്ചായിരിക്കും ജോസ് കെ മാണി നിലപാട് വ്യക്തമാക്കുക.
കോട്ടയത്ത് തിരിച്ചടിയുണ്ടായാല്‍ സി പി എം -ജോസ് കെ മാണി ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയേക്കും. പാലായിലെ തോല്‍വി സി പി എം വോട്ടുമറിച്ചതാണെന്ന അഭിപ്രായമാണ് ജോസ് കെ മാണിക്കുള്ളത്. കോട്ടയത്ത് തിരിച്ചടിയുണ്ടായാല്‍ ജോസ് പരസ്യപ്രതികരണത്തിന് നിര്‍ബന്ധിതനാവും.പ്രതീക്ഷകളെല്ലാം തകര്‍ന്ന ജോസ് കെ മാണി, എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.ജോസ് കെ മാണിയെ കൂടാതെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വസം, സി പി എം നേതാവായ എളമരം കരിം എന്നിവരുടെ രാജ്യസഭാംഗത്വം അടുത്ത മാസത്തോടെ അവസാനിക്കും.