ജൂണ്‍ നാല്, രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കപ്പെടുന്ന ദിനം. അവസാനഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും. രാജ്യത്ത് ഭരണ മാറ്റ മുണ്ടാവുമോ ? മോദിയുട ഭരണം തുടരുമോ ? തുടങ്ങിയ ചര്‍ച്ചകള്‍ സജീവമാണ്.
തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്യ സഖ്യം കരുതുന്നത്. അങ്ങിനെയെങ്കില്‍ രാജ്യത്ത് ബി ജെ പി വിരുദ്ധ സഖ്യം അധികാരത്തിലെത്തുമോ ? പ്രതിപക്ഷ ഐക്യമെന്നു പറയുമ്പോഴും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ത്രിണമൂലും മമതാ ബാനര്‍ജിയും ലക്ഷ്യമിടുന്നത് എന്താണ് ?
മമതയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ നീക്കങ്ങള്‍. ബി ജെ പിക്ക് ഗുണം ചെയ്യുമോ, അതോ അവര്‍ ബി ജെ പി പാളയത്തില്‍ എത്തുമോ ?
തങ്ങളുടെ മുഖ്യ ശ്ത്രു ബി ജെ പിയാണ്നെനു്, ബി ജെ പിയെ അധികാരത്തില്‍ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പറയുമ്പോഴും ഇന്‍ഡ്യാ സഖ്യത്തിനൊപ്പം നില്‍ക്കാനുള്ള അഭ്യര്‍ത്ഥന അവര്‍ നിരന്തരമായി തള്ളുകയാണ്. ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്‍ഡ്യാ മുന്നണിയുടെ യോഗത്തിലും മമതയില്ല. ഇതെല്ലാം മതതയെ മറ്റു പ്രതിപക്ഷ കക്ഷികള്‍ സംശയത്തോടെ വീക്ഷിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നത് സത്യമാണ്.
ഇന്‍ഡ്യാ സഖ്യത്തിന് അനുകൂലമല്ല ജനവിധിയെങ്കില്‍
പ്രതിപക്ഷ ഐക്യം പൊളിയുമെന്നാണ് ത്രിണമൂല്‍ വിശ്വസിക്കുന്നത്. ഒരു നിഴല്‍ സഖ്യം മാത്രമായ ഇന്‍ഡ്യാ മുന്നണിക്കൊപ്പം നില്‍ക്കുന്നത് പശ്ചിമ ബംഗാളില്‍ കനത്ത തിരിച്ചടിക്ക് വഴിയൊരുക്കുമെന്ന് മമത നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗാളില്‍ പ്രധാന പ്രതിപക്ഷം ബിജെപിയാണ്. എന്നാല്‍ അവരുടെ പ്രഖ്യാപിത ശത്രു സി പി എം തന്നെയാണ്. ഇന്‍ഡ്യാ സഖ്യത്തിന് കൈകൊടുത്താല്‍ അത് സി പി എമ്മുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യമെന്ന ധാരണയായും പരക്കുക.
മമതയുടെ പഴയ ലാവണമായ കോണ്‍ഗ്രസുമായും അത്രയടുപ്പം ആവശ്യമില്ലെന്നുതന്നെയാണ് രാഷ്ട്രീയം. പശ്ചിമ ബംഗാളില്‍ സി പി എം വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് ഇടത് ക്യാമ്പുകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ നടന്ന സി പി എം റാലിയില്‍ വന്‍ ജനക്കൂട്ടമുണ്ടായതും ദീദിയെ ചില്ലറയൊന്നുമല്ല അസ്വസ്ഥയാക്കുന്നത്. സി പി എമ്മിന്റെ 34 വര്‍ഷത്തെ തുടര്‍ ഭരണത്തെ അട്ടിമറിച്ചത് ദീദിയുടെ സംഘടിതമായ സമര മാര്‍ഗത്തിലൂടെയായിരുന്നു. 13 വര്‍ഷമായി ദീദിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് ബംഗാളില്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുന്നതിലുള്ള ശക്തമായ വിയോജിപ്പാണ് മമതയുടെ പ്രധാന ആയുധം. കോണ്‍ഗ്രസ് അല്ലെങ്കില്‍ പിന്നെ ആരാണ് നേതൃത്വം വഹിക്കുകയെന്നകാര്യത്തില് മമത ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നേരത്തെയും മമത രാഹുലിനോടുള്ള താല്പര്യക്കുറവ് വ്യക്തമാക്കിയതാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കവും ദീദി പൊളിച്ചതാണ്. ത്രിണമൂലിനോടുള്ള കോണ്‍ഗ്രസിന്റെ ശത്രുത വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.
കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഘടകവുമായുള്ള അഭിപ്രായ ഭിന്നത മാത്രമാണോ ഇന്‍ഡ്യാ സഖ്യവുമായുള്ള നിസ്സകരണത്തിന് കാരണമെന്ന് മമത വ്യക്തമാക്കിയിട്ടില്ല.
ബി ജെ പി ്ക്കെതിരെ പോരാട്ടമെന്ന് പറയുമ്പോഴും ബി ജെ പിക്കെതിരെ പടനയിക്കാനെത്തിയവരില് പലരും രാഹുല്‍ ഗാന്ധിക്കെതിരാണ്. ഘടകകക്ഷികളില്‍ പലരും നേരത്തെ കോണ്‍ഗ്രസ് വിരുദ്ധരായിരുന്നുവെങ്കിലും പൊതു ശത്രുവിനെതിരെ പഴയ വൈരം മറന്ന് ഒരുമിച്ച് നില്‍ക്കുമ്പോഴും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എന്തുകൊണ്ടാണ് സഖ്യത്തില്‍ നിന്നും അകന്നു നില്ക്കുന്നതും രാഹുലിനെതിരെ പരസ്യമായി രംഗത്തുവരുന്നതെന്നുമാണ് സംശയത്തിന് വഴിയൊരുക്കുന്നത്.
ഇന്‍ഡ്യാ സഖ്യത്തിന് ഭൂരിപക്ഷം കിട്ടുമെന്ന കേവലമായ പ്രചരണം മാത്രമാണിപ്പോള്‍ നടക്കുന്നത്. അത് കേവലം കണക്കുകള്‍ നിരത്തിയുള്ള പ്രചാരണം മാത്രമാണ്.
ആം ആദ്മി പാര്‍ട്ടിനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലടച്ച തോടെയാണ് ഇന്‍ഡ്യാ സഖ്യം കൂടുതല്‍ കരുത്തോടെ മുന്നേറുകയാണ്. അപ്പോഴും മമത ആംആദ്മിയേയും അരവിന്ദ് കെജരിവാളിനെയും പിന്തുണച്ച് രംഗത്തുവന്നപ്പോഴും ഇന്‍ഡ്യാ സഖ്യത്തിനൊപ്പം അണിചേര്‍ന്നില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നല്കാന് മമത തയ്യാറിയിരുന്നു. എന്നാല്‍ സി പി എമ്മിനെകൂടി ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു സഖ്യത്തിനുമാത്രമേ കോണ്‍ഗ്രസ് തയ്യാറായുള്ളൂ. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സി പി എമ്മിനെതിരെ മമത നടത്തിയ പോരാട്ടങ്ങള്‍ ഒരിക്കലും വിസ്മരിച്ചുകൊണ്ടുള്ള സഖ്യത്തിന് മമത തയ്യാറായില്ല. സി പി എമ്മുമായി സഹകരിക്കുന്നത് ആത്മഹത്യാപരമാണെന്ന് മമതയ്ക്ക് നല്ല നിശ്ചയമുള്ളതിനാല്‍ അത്തരമൊരു സഖ്യത്തിലേക്ക് എത്താനുള്ള സാധ്യതപോലും അവര്‍ തള്ളിക്കളഞ്ഞു. ഇതോടെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസുമായുള്ള ബദ്ധം അവര്‍ നിരാകരിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയെ മമതാ ബാനര്‍ജി ഒരിക്കലും ഒരു നേതാവായി അംഗീകരിച്ചിരുന്നില്ല. അത് നേരത്തെ തന്നെ അവര്‍ വ്യക്തമാക്കിയതുമാണ്. അതുകൊണ്ടുതന്നെ മമതയ്ക്ക് കൈകൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറായില്ല.
ഒരു കാലത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന മമതാ ബാനര്‍ജി കോണ്‍ഗ്രസ് നേതൃത്വവുമായുണ്ടായ അഭിപ്രായഭിന്നതയോടെയാണ് പാര്‍ട്ടിവിട്ടതും ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നപേരില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കാന്‍ തയ്യാറായതും. സ്വന്തമായി പാര്ട്ടിയുണ്ടാക്കിയതോടെയാണ് മമത ബാനര്‍ജി കൂടുതല്‍ കരുത്താര്‍ജ്ജിച്ചതും ബംഗാളിന്റെ അധികാരം പിടിച്ചതും.
തിണമൂല് കോണ്‍ഗ്രസ് രൂപീകരണം ബംഗാളില്‍ സി പി എമ്മിന്റെ ഏകാധിപത്യം തകര്‍ത്തു. മമത ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചതോടെ സി പി എമ്മിന്റെ 34 വര്‍ഷത്തെ തുടര്‍ ഭരണംത്തിനാണ് തിരശ്ശീല വീണത്. സിംഗൂരിലും നന്ദിഗ്രാമിലും സി പി എം കൈക്കൊണ്ട കര്‍ഷകവിരുദ്ധ നയം ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയായി. മമത ബാനര്‍ജിയെന്ന കൗശലക്കാരിയായ നേതാവ് കര്‍ഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ബംഗാളിലെ ഇടത് ഭരണത്തിന്റെ അന്തകയായി. മമത കര്‍ഷകരുടെ ദീദിയായി. ത്രിണമൂല്‍ തീര്‍ത്ത രാഷ്ട്രീയ പ്രതിരോധത്തില്‍ തകര്‍ന്നുപോയ ഇടതുപത്തിന് ഇപ്പോഴും അത് നടുക്കുന്ന ഓര്‍മ്മകളാണ്.
2007 മാര്‍ച്ച് 14 ന്, പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ ഉറക്കമില്ലാത്ത മത്സ്യബന്ധന ഗ്രാമമായ നന്ദിഗ്രാമില്‍ പോലീസ് വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. കെമിക്കല്‍ ഹബ് സ്ഥാപിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെയാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്. ഒന്നര വര്‍ഷത്തിലേറെ നീണ്ടുനിന്ന അക്രമാസക്തമായ പ്രക്ഷോഭത്തിന് ഈ കൊലപാതകങ്ങള്‍ തുടക്കമിടുകയും സംസ്ഥാനത്തെ ഇടതുമുന്നണിയുടെ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തെ സംബന്ധിച്ചിടത്തോളം ഇതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ഒരു സംസ്ഥാന ഗവണ്മെന്റിന്റെ ശക്തിക്കെതിരെ സാധാരണ ഗ്രാമീണരുടെ ഇത്രയും നീണ്ട ചെറുത്തുനില്‍പ്പ് അന്നും ഇന്നും രാജ്യത്ത് അപൂര്‍വ്വമായിരുന്നു.
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, വ്യാവസായിക പുനരുജ്ജീവനം എന്ന അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ വാഗ്ദാനത്തില്‍ ഉയര്‍ന്നുനിന്ന ഇടതുമുന്നണി, 294-ല്‍ 235 സീറ്റുകളുമായി തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തില്‍ തിരിച്ചെത്തി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം എല്ലാം തകര്‍ന്നടിഞ്ഞു. നന്ദിഗ്രാമിലെ പോലീസ് വെടിവെപ്പ് രാഷ്ട്രീയ ചലനാത്മകതയെ നാടകീയമായി മാറ്റിമറിച്ചു. ബംഗാള്‍ രാഷ്ട്രീയത്തില്‍ ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടിക്കെതിരെ ശക്തമായ സമരം സര്‍ക്കാരിനെ അട്ടിമറിച്ചു. ടാറ്റ മോട്ടോഴ്സ് നാനോ പദ്ധതി സ്ഥാപിക്കുന്നതിനായി തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും കൊല്‍ക്കത്തയില്‍ 26 ദിവസത്തെ ചരിത്രപരമായ നിരാഹാര സമരം നടത്തുകയും ചെയ്ത ഹൂഗ്ലി ജില്ലയിലെ സിംഗൂരിലെ കര്‍ഷകരുടെ സമരം മമത ബാനര്‍ജി നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.
ഡിസംബര്‍ 2006.
നന്ദിഗ്രാമില്‍, തൃണമൂലിന്റെ നേതൃത്വത്തില്‍, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ, ജമൈത്ത്-ഇ-ഉലമ-ഇ-ഹിന്ദ്, നക്സലൈറ്റ് ശക്തികള്‍ എന്നിവയുടെ പിന്തുണയോടെ ഭൂമി ഉച്ചെദ് പ്രതിരോധ് (ഭൂമി ഒഴിപ്പിക്കല്‍ പ്രതിരോധം) കമ്മിറ്റി (ബിയുപിസി) രൂപീകരിച്ചു. സിപിഐ(എം) അനുഭാവികളെയും അവരുടെ കുടുംബങ്ങളെയും പുറത്താക്കി, ‘വിമോചന മേഖല’ സൃഷ്ടിക്കാനുള്ള ശ്രമവും നടന്നു. ബിയുപിസി പ്രവര്‍ത്തകര്‍ റോഡുകളും പാലങ്ങളിലേക്കുള്ള പ്രവേശനവും നശിപ്പിച്ചു, അവരുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കലുങ്കുകള്‍ കുഴിച്ച് റോഡ് തടസ്സങ്ങള്‍ സ്ഥാപിച്ചു.
ഇത്തരത്തിലുള്ളൊരു സമരത്തിനുമുന്നില്‍ പിടിച്ചു നില്ക്കാന് ബുദ്ധദേവ് ഭട്ടാചാര്യയുടെ സര്‍ക്കാരിനായില്ലെന്നു മാത്രമല്ല സി പി എം എന്ന പാര്‍ട്ടിപോലും ചവറ്റുകുട്ടയിലെറിയപ്പെടുകയായിരുന്നു.
കാര്‍ നിര്‍മ്മാണ കമ്പനിക്കായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാരിന് പിന്നാക്കം പോവേണ്ടിയും വന്നു. പദ്ധതിയില്‍ നടപ്പിലായില്ലെന്നു മാത്രമല്ല കര്‍ഷക വിരുദ്ധ പാര്‍ട്ടിയെന്ന ദുഷ്പ്പേരിലേക്ക് സി പി എം മാറി. ഇതോടെയാണ് അണികളെല്ലാം പാര്‍ട്ടി വിട്ട് പോവുന്നത്. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയ നേതാവായി മമത മാറി.
സി പി എമ്മിന്റെ ദുര്‍ഭരണത്തിനെതിരായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തിന്റെ കരുത്തുമായാണ് പശ്ചിമ ബംഗാളിലെ ത്രിണമൂല്‍ കോണ്‍ഗ്രസ് അധികാത്തില്‍ ഇപ്പോഴും തുടരുന്നത്. മമതാ ബാനര്‍ജി സര്‍ക്കാരിനെ തകര്‍ക്കാന്‍ ബി ജെ പി നടത്തിയ നീക്കങ്ങളെല്ലാം പാളിയതും ജനങ്ങളുമായുള്ള ദീദിയുടെ അടുത്ത ബന്ധമാണ്.
സി പി എമ്മിനെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ അതേ മമതാ ബാനര്‍ജി സി പി എമ്മുമായി സഹകരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ദീദി തള്ളിയതിന്റെ ചരിത്രപരമായ കാരണങ്ങളാണ് മുകളില്‍ പറഞ്ഞത്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരെ പോരാടിയാണ് അധികാരം പിടിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ്സിന്റെ മുഖ്യ എതിരാളിയും ആംആദ്മി പാര്‍ട്ടിയായിരുന്നു. എന്നിട്ടും ദേശീയ താല്പര്യം മുന്‍നിര്‍ത്തി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നു, ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന കക്ഷിയായി ആപ്പ് മാറിയിരിക്കുന്നു. ഹരിയാനയിലും ഒരുമിച്ച് നിന്ന് പോരാടുന്നു. എന്നാല്‍ പഞ്ചാബില്‍ അതല്ല സ്ഥിതി.
ഇടത് പാര്‍ട്ടികളുമായി ഒരു സഖ്യത്തിനുമില്ലെന്നാണ് മമതാ ബാനര്‍ജിയുടെ നിലപാട്. ഇന്‍ഡ്യാ സഖ്യത്തിന് പുറത്തുനിന്നും പിന്തുണയെന്നാണ് മമതയുടെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഉണ്ടാവുന്ന രാഷ്ട്രീയ കാലാവസ്ഥ എന്താവുമെന്ന് ആര്‍ക്കും വ്യക്തമല്ല. ഇതില്‍ മമത മറ്റെന്തോ ലക്ഷ്യം വച്ചിരിക്കുന്നു എന്നു നിശ്ചയം.
പശ്ചിമ ബംഗാളില്‍ ബി ജെ പിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ ഇത്തവണ ലഭിക്കില്ലെന്നാണ് മമത വിശ്വസിക്കുന്നത്. ഗവര്‍ണര്‍ വിഷയവും മറ്റും ത്രിണമൂല്‍ കോണ്‍ഗ്രസിന് അനുകൂല ഘടകമായി കണക്കുകൂട്ടുന്നുണ്ട്. പാര്‍ലമെന്റില്‍ ടി എം സി ക്ക് വിധി നിര്‍ണായകമായ സീറ്റുകള്‍ ലഭിക്കുമെന്നു തന്നെയാണ് കണക്കുകൂട്ടലുകള്‍. ഇത് മമതയുടെ വിലപേശലിനു ശക്തി നല്‍കും. ഫലപ്രഖ്യാപനം വരുന്നതുവരെ പ്രത്യേകിച്ച് അവകാശ വാദങ്ങളൊന്നും ഉയര്‍ത്താതിരിക്കുകയാണ് മമതയുടെ ലക്ഷ്യം.
ഇന്‍ഡ്യാ മുന്നണിക്ക് അധികാരത്തിലെത്താവുന്ന സീറ്റുകള്‍ ലഭിക്കുന്ന ഘട്ടത്തില്‍ എന്‍ട്രി ചെയ്യാനുള്ള നീക്കമാണ് മമത ചെയ്യുന്നത്. അതോടെ നിലപാടുകള്‍ മാറും. ഒന്നുകില്‍ പ്രധാനമന്ത്രിയാവുകയെന്നതാണ് മമതയുടെ ലക്ഷ്യം. അല്ലെങ്കില്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് ദേശീയ രാഷ്ട്രീയത്തിലും ഭരണത്തിലും നേട്ടമുണ്ടാക്കുക.
ഇന്‍ഡ്യാ മുന്നണിയില്‍ ഇപ്പോള്‍ ഇല്ലെങ്കിലും മുന്നണിക്കൊപ്പമെന്ന പ്രഖ്യാപനം മമതയുടെ അടവുനയമായാണ് . എന്നാല്‍ മമതയെ നേതാവായി കാണാന്‍ ഇന്‍ഡ്യാ മുന്നണിയിലെ ബഹുഭൂരിപക്ഷം കക്ഷികളും താല്പര്യം കാണിക്കുന്നില്ല.
കെജരിവാളിനെ ഇന്‍ഡ്യാമുന്നണിയുടെ നേതൃനിരയിലേക്കു കൊണ്ടുവരാനുള്ള നീക്കം ചില ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഈ നീക്കത്തില്‍ മമതാ ബാനജിയുടെ നിലപാട് എന്തായിരിക്കുമെന്നതും നിര്‍ണായകമാണ്.
ഇതൊന്നുമല്ലെങ്കില്‍ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള നീക്കവും നടന്നേക്കാം. സ്റ്റാലിനുമായി മമതാ ബാനര്‍ജിക്ക് നല്ല ബന്ധമാണ്. എന്നാല്‍ ഒരു പ്രാദേശിക കക്ഷിയെ ദേശീയ നേതാവായി ഉയര്‍ത്തി കാണിക്കാനുള്ള നീക്കം തിരിച്ചടിയാവുമെന്നതും വിഷയമാണ്.
ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ ചേരുന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാനില്ലെന്നാണ് മമതാ ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പുറത്തുനിന്നുള്ള പിന്തുണയാണ് മമത ഇന്‍ഡ്യാ മുന്നണിക്ക് വാഗ്ദാനം ചെയ്യുന്നത്. അത് പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസിനില്ല, സി പി എമ്മിനും ഇല്ല എന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.
മമതയെ നേതാവായി കാണുന്നില്ലെങ്കില്‍ ഒരു പക്ഷേ, അവര്‍ മുന്നണിയുമായി സഹകരിച്ചേക്കില്ല. ഒന്നാം തീയതി യോഗത്തില്‍ ഉണ്ടാക്കുന്ന ഒരു തീരുമാനവും മമതാ ബാനര്‍ജിയേയോ ത്രിണമൂലിനേയോ ബാധിക്കില്ല.
ഇന്‍ഡ്യാ മുന്നണിയുടെ തലപ്പത്ത് അരവിന്ദ് കെജരിവാള്‍ വരണമെന്ന രാഷ്ട്രീയ താല്പര്യമാണ് കോണ്‍ഗ്രസിതര ചെറുപാര്‍ട്ടികള്‍ക്കുള്ളത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മമതയുടെ മനസിലിരിപ്പെന്താണെന്നത് മുന്നണിയിലെ മറ്റു കക്ഷികളേയും അലട്ടുന്നുണ്ട്. മമത നേതാവാകണമെന്ന് അഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അക്കാര്യം തുറന്നു സമ്മതിക്കാന്‍ മമത ഒരുക്കമല്ല.
ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന രണ്ടു പാര്‍ട്ടികളാണ് ആം ആദ്മി പാര്‍ട്ടിയും ത്രിണമൂലും. കേന്ദ്ര സര്‍ക്കാരുമായി നിരന്തരമായി പോരാടുന്നവര്‍ എന്ന നിലയില്‍ മമതയും കെജരിവാളും തമ്മില്‍ അടുത്ത ബന്ധവും പുലര്‍ത്തുന്നുണ്ട്.
എന്തായാലും ഭൂരിപക്ഷത്തിലേക്ക് ഇന്‍ഡ്യാ മുന്നണി വന്നാലും അത് പിന്നീട് വലിയ തര്‍ക്കത്തിലേക്കും അനൈക്യത്തിലേക്കും വരാനുള്ള സാധ്യതയാണ് മമതയുടെ ഈ നീക്കത്തിലൂടെ വ്യക്തമാവുന്നത്.