തിരുവനന്തപുരം:കേരളത്തിലെ ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്.ദേശീയതലത്തില്‍ ബി ജെ പിയെ നേരിടുകയെന്ന നയമായിരുന്നു സി പി എം മുന്നോട്ടുവച്ചത്. വോട്ടര്‍മാര്‍ ഇതേ ലക്ഷ്യവുമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസിന് വോട്ടു ചെയ്തു. അതാണ് യു ഡി എഫിന്റെ വലിയ വിജയത്തിന് കാരണം. സി പി എമ്മിന് എന്തോ സംഭവിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ബഹുജനാടിത്തറ തകരുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഉണ്ടായിട്ടില്ല.

എല്ലാ കാലത്തും ദേശീയ തലത്തില്‍ നടക്കുന്ന തിരഞ്ഞെടപ്പുകളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. അതുമാത്രമാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടായത്. കേരളത്തിലെ സര്‍ക്കാരിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പൊന്നുമല്ലല്ലോ ഇവിടെ നടന്നതെന്നും തൃശ്ശൂരിലെ ബി ജെ പിയുടെ വിജയത്തിന് വഴിയൊരുക്കിയത് കോണ്‍ഗ്രസാണെന്നും ഇ പി ജയരാജന് പറഞ്ഞു.