തിരുവനന്തപുരം:ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന് നല്കാന് തീരുമാനമായി. ഇന്ന് എ കെ ജി സെന്ററില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് എമ്മും രണ്ടാമത്തെ സീറ്റില്‍ സി പി ഐയും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കും.
സി പി ഐ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെയാണ് സി പി എം തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായത്. ചെറിയ പാര്ട്ടികളായാല്പോലും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുകയെന്ന നിലപാടിന്റെ ഭാഗമായാണ് സിപിഎം സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറായതെന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് വ്യക്തമാക്കി.
രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്ത് കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ നിലനിര്‍ത്തുകയാണ് സി പി എം. രാജ്യസഭാ സീറ്റ് ലഭിച്ചേ തീരൂ എന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് എം നിലപാട് കടുപ്പിക്കുകയായിരുന്നു. സി പി ഐ യുമായി രാജ്യസഭാ സീറ്റ് മൂന്നു വര്‍ഷം പങ്കിടുന്നതിനുള്ള ചര്‍ച്ച നടത്തിയെങ്കിലും സിപിഐ ഈ നിര്‍ദ്ദേശം അംഗീകരിച്ചില്ല. ഇതോടെയാണ് സി പി എം തങ്ങളുടെ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ സി പി എം നേതാവായ എളമരം കരിം, സി പി ഐ നേതാവ് ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരുടെ കാലാവധി അടുത്ത മാസം ഒന്നിന് അവസാനിക്കും. ഈ ഒഴിവുകളിലേക്കാണ് ഈ മാസം 25 ന് തിരഞ്ഞെടുപ്പ് നടക്കുക. ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയേയും വിജയിപ്പിക്കാന്‍ കഴിയും. കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് എല്‍ ഡി എഫിന് നല്‍കിയിരുന്നു. സുപ്രിംകോടതി അഡ്വക്കറ്റ് ഹാരിസ് ബീരാനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി ഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ മൂന്ന് രാജ്യസഭാംഗങ്ങളുടെ ചിത്രം വ്യക്തമാവും. സ്ഥാനമൊഴിയുന്നവരില്‍ ജോസ് കെ മാണി മാത്രമാണ് വീണ്ടും രാജ്യസഭയില്‍ എത്തുന്നത്.
രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ആര് ജെ ഡിയും രംഗത്തെത്തിയിരുന്നുവെങ്കിലും ആര് ജെ ഡി യുടെ ആവശ്യം തല്ക്കാലം പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്. അഞ്ച് സീറ്റുകളുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ സംരക്ഷിച്ചു നിര്‍ത്തേണ്ടത് സി പി എമ്മിന്റെ ബാധ്യതയായിമാറുകയായിരുന്നു. പാര്‍ലമെന്റില്‍ അംഗങ്ങള്‍ നാലുപേര്‍ മാത്രമാണുള്ളത്. കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് വിജയിച്ചത്. ഒഴിവുവരുന്ന ഒരു സീറ്റില്‍ ദേശീയ നേതാക്കളില്‍ ഒരാള്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് തൊട്ടു പിന്നാലെയാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം വരുന്നത്.