രാജ്യസഭാ സീറ്റില്‍ ഉടക്കി ആര് ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാര്‍.മുന്നണിയില്‍ ഒരു പരിഗണയും ലഭിക്കുന്നില്ലെന്നും,ഞങ്ങള്‍ വലിഞ്ഞു കയറി വന്നവരല്ലെന്നുമാണ് നേതാവിന്റെ ആരോപണം.ഞങ്ങള്‍ എല്‍ ഡി എഫിലേക്ക് തിരികെ വന്നത് ക്ഷണിച്ചിട്ടാണ്.എന്നാല്‍ എല്‍ ഡി എഫില്‍ മറ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഒരു പരിഗണനയും ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലാണ് ശ്രേയാംസ് കുമാര്‍ പറയുന്നത്.
കേന്ദ്രത്തില്‍ ബി ജെ പിക്കൊപ്പം നില്ക്കുന്നവര്ക്കുപോലും കേരളത്തില്‍ പ്രത്യേക പരിഗണന ലഭിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ശ്രേയാംസ് കുമാറിന്റെ ചോദ്യം.2024 ല്‍ ആര് ജെ ഡിക്ക് സീറ്റ് തരേണ്ട ബാധ്യത സി പി എമ്മിനുണ്ട്.കേരളാ കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനവും നല്‍കിയിട്ടുണ്ട്.പിന്നേയും അവര്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്നതാണ് ശ്രേയാംസ് കുമാറിന്റെ പരാതി.പലരും വിളിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ഒരു പരിഗണനയും ലഭിക്കാത്ത ഒരു മുന്നണിയ്ക്കൊപ്പം തുടരുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നാണ് ശ്രേയാംസ് കുമാര്‍ ചോദിക്കുന്നത്.
മുന്നണിയില്‍ എല്ലാ ഘടകകക്ഷികള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്നും ചെറു കക്ഷികളെന്നോ വലിയ കക്ഷികളെന്നോ പരിഗണിക്കാതെ എല്ലാവരേയും ഉള്‍ക്കൊള്ളുമെന്നായിരുന്നു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന. രാജ്യസഭാ സീറ്റ് സി പി എം കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്ത തീരുമാനം വിശദീകരിക്കവേയാണ് ജയരാജന്റെ ഇത്തരത്തിലുള്ളൊരു പ്രതികരണം.
രാജ്യസഭാ സീറ്റിന് അവകാശ വാദം ഉന്നയിച്ച് ആര് ജെ ഡി നേരത്തെ സി പി എമ്മിന് കത്തു നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കാന്‍ തയ്യാറായില്ല.ആര് ജെ ഡി മുന്നണിയിലേക്ക് വരുമ്പോള്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായ എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭാംഗമായിരുന്നു.
സോഷ്യലിസ്റ്റ് നേതാവും ജെ ഡി യു നേതാവുമായിരുന്ന എം വി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദള്‍ യു ഒരു കാലത്ത് എല്‍ ഡി എഫിന്റെ അഭിവാജ്യഘടകമായിരുന്നു.കോഴിക്കോട് സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സി പി എമ്മുമായിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് എം പി വീരേന്ദ്രകുമാര്‍ എല്‍ ഡി എഫ് വിട്ടത്.
കോഴിക്കോട് സീറ്റ് ജനതാദളില്‍ നിന്നും പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ട ജെ ഡി യു യു ഡി എഫില്‍ ചേരുകയും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. അന്ന് വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റു നല്‍കിയാണ് കോണ്‍ഗ്രസ് ജെ ഡി യുവിനെ സംരക്ഷിച്ചത്. എന്നാല്‍ ഇടതു മുന്നണിയിലേക്ക് എത്തിയതോടെ രാഷ്ട്രീയമായൊരു പരിഗണനയുമില്ലാതായെന്നാണ് ശ്രേയാംസ് കുമാറിന്റെ ആരോപണം.
ഒരു എം എല്‍ എ മാത്രമുള്ള എല്ലാ ഘടകകക്ഷികള്‍ക്കും ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്കിയപ്പോഴും ആര് ജെ ഡിയുടെ എം എല്‍ എയായ കെ പി മോഹനനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല.സിറ്റിംഗ് സീറ്റായ കല്‍പ്പറ്റയിലും വടകരയിലും ഇത്തവണ സീറ്റു ലഭിക്കാതെ വന്നതോടെയാണ് ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിക്ക് മുന്നണിയില്‍ പരിഗണന ലഭിക്കാതെ പോയത്.മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ എല്‍ ഡി എഫിന് കത്തു നല്‍കിയിരുന്നുവെങ്കിലും ജെ ഡിയുവിനെ പരിഗണിച്ചിരുന്നില്ല. ജെ ഡി യു ജെ ഡി എസില്‍ ലയിക്കണമെന്ന നിര്‍ദ്ദേശമാണ് സി പി എം ശ്രേയാംസ് കുമാറിനു മുന്നില്‍ വച്ചത്.എന്നാല്‍ ദേശീയ തലത്തില്‍ അത്തരമൊരു ലയന സാധ്യത രണ്ട് ജനതാദളിലും സാധ്യമല്ലാതായി.ജെ ഡി യു പിന്നീട് ആര് ജെ ഡിയില്‍ ലയിച്ചതോടെ സംസ്ഥാന ഘടകവും ആര് ജെ ഡിയുടെ ഭാഗമായി.
ജെ ഡി യു ദേശീയ അധ്യക്ഷനായ ദേവ ഗൗഡ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ അംഗമായതോടെ കേരളത്തിലെ ജെ ഡി എസ് പ്രതിരോധത്തിലായി.ജെ ഡി എസ് ഇപ്പോഴും പിണറായി മന്ത്രി സഭയില്‍ അംഗമാണ്.കെ കൃഷ്ണന് കുട്ടിയും മാത്യു ടി തോമസും ഇടത് പക്ഷത്ത് തുടരുകയാണ്.ദേശീയ തലത്തില്‍ ബി ജെ പിക്കൊപ്പം കേന്ദ്രത്തില്‍ അധികാരം പങ്കിടുന്ന ജെ ഡി എസ് കേരളത്തില്‍ എല്‍ ഡി എഫിന്റെ ഭാഗമായി തുടരുകയും.
ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായ ആര് ജെ ഡിക്ക് കേരളത്തില്‍ അവഗണന നേരിടുന്നതുമാണ് ശ്രേയാംസ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്.പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ നിലപാട് സ്വീകരിക്കണമെന്നാണ് ശ്രേയാംസ് കുമാറിന്റെ പക്ഷം. ഇടയ്ക്കിടെ ഉണ്ടാവുന്ന മുന്നണി മാറ്റത്തില്‍ തിരിച്ചടിയുണ്ടാവുമെന്ന നിലപാടിലാണ് എം എല്‍ എയായ കെ പി മോഹനന്. എല്‍ ഡി എഫിന്റെ ശക്തികേന്ദ്രമായ കൂത്തുപറമ്പില്‍ നിന്നാണ് കെ പി മോഹനന് വിജയിച്ചുകയറിയത്.
രാജ്യസഭാ സീറ്റില്‍ ആദ്യം മുതല്‍ അവകാശവാദം ഉന്നയിച്ച ആര് ജെ ഡി രാഷ്ട്ട്രീയ സാഹചര്യമെല്ലാം ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നതാണെന്നും എന്നിട്ടും പരിഗണിക്കാത്തത് തികഞ്ഞ അവഗണനയാണെന്ന നിലപാട് ആവര്‍ത്തിക്കുന്നത് മുന്നണിയില്‍ തുടരില്ലെന്ന നിലപാട് വ്യക്തമാക്കുകയാണെന്നാണ് സി പി എമ്മും വിലയിരുത്തുന്നത്.