ഇടതുമുന്നണിക്കേറ്റ പരാജയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുമെന്നും തെറ്റു തിരുത്തി മുന്നോട്ടുപോകുമെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കുന്നത്.എന്നാല്‍ തെറ്റു തിരുത്തുമെന്നു പറയുമ്പോഴും യഥാര്‍ത്ഥ തെറ്റുകാരിലേക്ക് എത്താന്‍ കഴിയുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഭരണത്തിലുണ്ടായ പോരായ്മയാണ് കനത്ത തിരിച്ചടിക്ക് കാരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എവിടെയാണ് വീഴ്ചയെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നാണ് സി പി എം വിലയിരുത്തുന്നത്. എന്നാല്‍ പാര്‍ട്ടി കോട്ടകളില്‍പോലും ഗണ്യമായ വോട്ടു ചോര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകളെ പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയല്ല കാണുന്നത്. ഭരണ വിരുദ്ധവികാരമൊന്നും ഉണ്ടായില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.എന്നാല്‍ ഭരണ തലത്തില്‍ വലിയ പോരായ്മകള്‍ ഉണ്ടായെന്ന വിലയിരുത്തലാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
പ്രധാനമായും പൊലീസിനെതിരെയാണ് കേരളത്തില്‍ കൂടുതല്‍ ജനവികാരം.ഇത് സിപി എം ഗൗരവത്തോടെ ഏറ്റെടുത്തില്ലെങ്കില്‍ ജനം കൂടുതല്‍ തിരിച്ചടിനല്‍കും.ഈ സര്‍ക്കാരിനെ പൊതുജനങ്ങളില്‍ ഏറ്റവും കൂടുതല്‍ അകറ്റിയതില്‍ പ്രധാന പങ്ക് പൊലീസിനാണോ എന്ന ചോദ്യമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉയരുന്നത്.ഇതിന് അഭ്യന്തരവകുപ്പ് ഉത്തരം നല്‍കേണ്ടിവരും.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പൊതുജനങ്ങളോട് നന്നായി പെരുമാറണെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തുവന്ന സര്‍ക്കുലര്‍ ആവശ്യപ്പെടുന്നത്.ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് ഉന്നതന് നിര്‍ദ്ദേശം നല്കിയ സാഹചര്യം എന്താണെന്ന് സി പി എം വിലയിരുത്തുന്നത് നല്ലതായിരിക്കും.എല്ലാ മേഖലയിലും പൊലീസ് ആരോപണ വിധേയരായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമായതോടെയാണ് പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിര്‍ദ്ദേശം ഒരു നിര്‍ദ്ദേശമായി പുറത്തിറക്കേണ്ടിവന്നത്.
കേരളത്തിലെ പൊലീസ് പരാതികളുടെ കൂമ്പാരമായി മാറിയിരിക്കയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റവും കുത്തഴിഞ്ഞ പൊലീസ് സംവിധാനത്തെയാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തം. നിരവധി ആരോപണങ്ങളാണ് പൊലീസിനെക്കുറിച്ച് ദിനംപ്രതി ഉയരുന്നത്. വര്‍ധിച്ചുവരുന്ന ഗുണ്ടാ അക്രമണങ്ങളില്‍ പൊലീസിന് വ്യക്തമായ മറുപടിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധവും പൊലീസിനെ ഏറെ നാണം കെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പരാതികളില്‍ യഥാസമയം നടപടി എടുക്കുന്നതിലും മറ്റും വീഴ്ചവരുത്തുന്നതും, പൊലീസിനോടുള്ള പൊതുജനങ്ങളുടെ മതിപ്പിന് ഇടിച്ചല് തട്ടാന്‍ കാരണമായിട്ടുണ്ട്. പൊതുജനങ്ങളോട് ഏറ്റവും മോശമായാണ് പൊലീസ് പെരുമാറുന്നതെന്നത് പൊലീസ് തന്നെ സമ്മതിച്ചതിന്റെ തെളിവാണ് നിയമസഭാ സമ്മേളന കാലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന സര്‍ക്കുലര്‍.പാറമടക്കാരന്റെ പണം തട്ടിയും ബ്ലേഡ് മാഫിയുടെ ഗുണ്ടാ പണിയേറ്റെടുത്തും കള്ളപ്പണക്കാരന്റെ ഏജന്‍സി ജോലികള്‍ സ്വകീരിച്ചും പൊലീസ് ഉന്നതര്‍ കളം നിറയുകയാണ്. പരാതികള്‍ പരിഹരിക്കേണ്ട നീതിപാലകര്‍ വേട്ടക്കാരായി മാറിയാല്‍ ജനം പ്രതികരിക്കും. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തോല്‍വിയുടെ ഒരു പ്രധാന കാരണം പൊലീസ് നയങ്ങളാണ്. സര്‍ക്കാരിന്റെ നയമില്ലായ്മയാണ്.
കേരളത്തിലെ അഭ്യന്തവരുപ്പിനെതിരെ സി പി എം പോലും നിരന്തരമായി പരാതിയുയര്ത്തേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴേക്കിടയിലുള്ള പൊലീസ് ഓഫീസര്‍മാര്‍വരെ ആരോപണ വിധേയരാവുന്ന സാഹചര്യമാണ് പരാതിക്ക് കാരണം. മുഖ്യമന്ത്രി നേരിട്ട് കൈയ്യാളുന്ന ആഭ്യന്തര വകുപ്പില്‍ നടമാടുന്ന അഴിമതിയും അച്ചടക്കമില്ലായ്മയും കേരള രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിക്ക് കാരണമായി എന്ന നിഗമനത്തിലാണ് സി പി എമ്മിലെ ഒരുവിഭാഗം.
പൊലീസിനെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ദുരന്തവും പരിശോധിക്കപ്പെടേണ്ടതാണ്. പൊലീസ് തലത്തില്‍ വലിയ അഴിച്ചുപണിക്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ അഴിമതിക്കാരായ പൊലീസുകാരെ സംരക്ഷിക്കുകയും തല്ക്കാലത്തേക്കുണ്ടാക്കുന്ന സ്ഥനാ ചലനങ്ങളും തൊലിപ്പുറത്തെ ചികില്‍സ മാത്രമായി മാറും.