കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം നില്ക്കാന് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ കൃഷ്ണന് കുട്ടിയും മാത്യു ടി തോമസും തീരുമാനിച്ചു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ജെ ഡി എസിനെ ബി ജെ പി പാളയത്തില്‍ എത്തിച്ചതോടെയാണ് ജെ ഡി എസ് കേരള ഘടകം നേതാക്കള്‍ ജെ ഡി എസ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചത്.സമാന സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയുമായി ലയിക്കുകയോ,അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്നാണ് മാത്യു ടി തോമസ് എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന പ്രതിസന്ധികളുണ്ടാവും.
കെ കൃഷ്ണന് കുട്ടിയും മാത്യു ടി തോമസും എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടിയും വന്നേക്കാം.ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്നും ഞങ്ങള്‍ ബി ജെ പി വിരുദ്ധ നിലപാടുമായാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് മാത്യു ടി തോമസ് വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ ദേവ ഗൗഡ ആവശ്യപ്പെട്ടാല്‍ കേരളത്തിലെ രണ്ട് എം എല്‍ എമാര്‍ സ്ഥാനം രാജിവെച്ചൊഴിയേണ്ടിവരും.
ജെ ഡി എസ് ബി ജെ പി മുന്നണിയുടെ ഭാഗമായതോടെ കേരളത്തിലെ ജെ ഡി എസ് നേതൃത്വം നയം വ്യക്തമാക്കണമെന്ന് സി പി എം ആവശ്യപ്പെട്ടിരുന്നു.നിലവില്‍ കര്‍ണ്ണാടകയില്‍ മാത്രമേ ജെ ഡി എസ് ബി ജെ പിക്കൊപ്പം ചേര്‍ന്നിട്ടുള്ളൂവെന്നും, ദേശീയ തലത്തില്‍ ജെ ഡി എസ് മറ്റൊരു രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ കേരളത്തില്‍ ജെ ഡി എസ് തല്ക്കാലം ഇടതുമുന്നണിക്കൊപ്പം തുടരുമെന്നുമായിരുന്നു ദേവഗൗഡ പറഞ്ഞിരുന്നത്.എന്നാല്‍ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി നിലവില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ ഭാഗമാണ്.കര്‍ണ്ണാടകയില്‍ ദേവഗൗഡയുടെ തീരുമാനത്തിനെതിരെയുയര്‍ന്ന ജെ ഡി എസ് വിമത നീക്കം ഫലം കാണാതെ വന്നതോടെ കേരളത്തിലെ ജെ ഡി എസ് പ്രതിരോധത്തിലായി.
ലോക് താന്ത്രിക്ക് ദള്‍ ജെ ഡി എസില്‍ ലയിക്കണമെന്ന നിലപാടിലായിരുന്നു സി പി എം.എന്നാല്‍ ജെ ഡി എസ് ബി ജെ പി മുന്നണിയില്‍ ചേര്‍ന്നതോടെ ആ നീക്കം അവസാനിച്ചു.ലോക് താന്ത്രിക്ക് ദള്‍ പിന്നീട് ആര് ജെ ഡിയില്‍ ലയിക്കുകയായിരുന്നു.ആര് ജെ ഡിയില്‍ ലയിക്കില്ലെന്നാണ് മാത്യു ടി തോമസിന്റെ നിലപാട്.എസ് പിയില്‍ ലയിക്കാന്‍ ആലോചന നടത്തിയിരുന്നുവെങ്കിലും കോണ്‍ഗ്രസുമായി ബന്ധമുള്ളതിനാല്‍ അത് വേണ്ടെന്നാണ് നിലപാട്.ഇടതുമുന്നണിയില്‍ ഉറച്ചു നില്ക്കുന്നതിനാല് കോണ്‍ഗ്രസുമായി ബന്ധമുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിക്കില്ലെന്നാണ് നിലപാട്.
പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ രണ്ട് എം എല്‍ എമാരുടെ അംഗത്വം നഷ്ടപ്പെടുമെന്ന ഭയവും നേതാക്കള്‍ക്കുണ്ട്.പഞ്ചായത്തുകളിലെ അംഗങ്ങളേയും കൂറുമാറ്റ നിയമം ബാധിക്കും.ദേശീയ പാര്‍ട്ടിയായ ജെ ഡി എസിന്റെ ടിക്കറ്റില്‍ മത്സരിച്ച എം എല്‍ എ മാര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാലും അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാവില്ല.ഇതോടെ കൃഷ്ണന് കുട്ടിക്ക് മന്ത്രിയായി തുടരാനും ബുദ്ധിമുട്ടാവും.കേരളത്തിലെ ജെ ഡി എസിന് മുന്നണിയില്‍ തുടരാന്‍ അനുമതി നല്‍കിയത് ദേവഗൗഡയുമായുള്ള സി പി എമ്മിന്റെ രഹസ്യ ബന്ധമാണെന്ന ആരോപണവും വിവാദമായതാണ്.നിയപരമായ വശം കൂടി പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്ന നിലപാടാണ് തല്ക്കാലം എടുത്തിരിക്കുന്നത്.ആര് ജെ ഡിയുടെ ആരോപണത്തോടെയാണ് ജെ ഡി എസ് കേരള ഘടകം രാഷ്ട്രീയ നിലപാട് എടുക്കേണ്ടിവരുന്നതെന്നും ശ്രദ്ധേയമാണ്.