രാജേഷ് തില്ലങ്കേരി
കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തില്‍ മൃഗബലിയും ചില ആഭിചാര പൂജകളും നടത്തിയെന്നായിരുന്നു ആരോപണം.തന്നെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാനായാണ് ഈ നീക്കമെന്നാണ് അന്ന് ഡി കെ ആരോപിച്ചിരുന്നത്.കേരളത്തില്‍ എവിടെയാണ് ഈ ആഭിചാര ക്രിയകള്‍ നടത്തിയതെന്ന് ഡി കെ വ്യക്തമാക്കിയിരുന്നില്ല.ആരാണ് ഈ പൂജകള്‍ക്ക് പിന്നിലെന്നും ഡി കെ പറഞ്ഞിരുന്നില്ല.എന്നാല്‍ കര്‍ണ്ണാടകയിലും കേരളത്തിലും ഡി കെയുടെ ആരോപണം കത്തിപ്പിടിച്ചു. വലിയ ചര്‍ച്ചകള്‍ക്കാണ് ഈ ആരോപണം വേദിയായത്.അപ്പോഴും ആരാണ് ഈ ആഭിചാര പ്രക്രിയയുടെ പിന്നിലെന്ന് ഡി കെ വ്യക്തമാക്കിയിരുന്നില്ല, എന്നാല്‍ കേരളത്തില്‍ വച്ച് പൂജയും മൃഗബലിയും നടത്തിയതിനു പിന്നില്‍ സിദ്ദ രാമയ്യയാണോ?ഡി കെ യുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പെട്ടെന്ന് ഈ വിഷയത്തില്‍ നിന്നും പിന്‍വാങ്ങിയത് കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ഇതിന് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനാലാണോ എന്നോക്കെയുള്ള സംശയങ്ങള്‍ ബലപ്പെടുകയാണ്.
കേരളത്തില്‍ അത്തരമൊരു ആഭിചാര ക്രിയകള്‍ നടക്കില്ലെന്നാണ് ദേവസ്വം മന്ത്രിയും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍ ആഭിചാര ക്രിയകള്‍ നടന്നിട്ടുണ്ടെന്നും മൃഗബലിയടക്കമുള്ള ഈ പൂജയുടെ ഭാഗമായി നടന്നെന്നുമാണ് അന്ന് ഡി കെ വ്യക്തിമാക്കിയത്.കര്‍ണ്ണാടകാ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അധികാര വടംവലി ശക്തമായിരിക്കയാണ്.കോണ്‍ഗ്രസില്‍ രണ്ടു നേതാക്കല്ക്കും തുല്യമായ സ്വാധീനമാണ് ഉള്ളതെന്നിരിക്കെ ഇവരില്‍ ആരെ പിന്തുണയ്ക്കുമെന്നറിയാതെ വിഷമസന്ധിയിലാണ് ദേശീയ നേതൃത്വം.കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് ഡി കെ നടത്തിയ ശ്രമങ്ങളെ അത്രപെട്ടെന്ന് അവഗണിക്കാനാവില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.സിദ്ദരാമയ്യയുടെ എല്ലാ ആവശ്യങ്ങളും അപ്പാടെ ഉള്‍ക്കൊള്ളാനോ, തീര്‍ത്തും തള്ളിക്കളയാനോ പറ്റാത്ത അവസ്ഥയിലാണ് എ ഐ സി സി.
‘കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നിട്ടുണ്ടെന്നും ശത്രു ഭൈരവി യാഗം ഉള്‍പ്പടെ നടന്നനാതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡി കെ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഞാന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്നും അന്ന് വിഷയത്തില്‍ ഡി കെ പ്രതികരിച്ചിരുന്നു.കേരളത്തില്‍ തളിപ്പറമ്പില്‍ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കര്‍ണാടകയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ ദര്‍ശനത്തിന് എത്താറുള്ളത്.
ഡി കെ ശിവകുമാറിനെ അശക്തനാക്കാനായി മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളില്‍ കോണ്‍ഗ്രസിലെ ഡി കെ വിഭാഗം അസ്വസ്ഥരാണ്. ഒരു ഉപമുഖ്യമന്ത്രിയെ കൂടി നിയോഗിക്കാനുള്ള നീക്കമാണ് സിദ്ദരാമയ്യ നടത്തുന്നത്. ഇതിനിടയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും സിദ്ദരാമയ്യ മാറണെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ സിദ്ദരാമയ്യയെ മാറ്റിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാവുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയതോടെ വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
കര്‍ണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചതിനുശേഷം നേതൃത്വതര്‍ക്കം തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്തിയിരുന്നു.മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പറ്റാത്ത രാഷ്ട്രീയ സാഹചര്യം ഉടലെടുത്തതോടെ ഹൈക്കമാന്റ് നിര്‍ദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുന്നതും ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാവുന്നതും.എന്നാല്‍ ഇരു നേതാക്കളും ഇരു പക്ഷത്തായി മാറിയതോടെ വീണ്ടും കര്‍ണ്ണാടക കോണ്‍ഗ്രസില്‍ കലാപം കലുഷിതമായിരിക്കയാണ്.രാജ്യത്താകമാനം ബി ജെ പിക്ക് തിരിച്ചടിയുണ്ടായപ്പോഴും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാവാത്ത സംസ്ഥാനമാണ് കര്‍ണ്ണാടക.കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കാലാവധി തികയ്ക്കാനാവില്ലെന്ന ബി ജെ പി യുടെ വെല്ലുവിളി യാഥാര്‍ത്ഥ്യമാവുമോ?അതോ ഡി കെ ശിവകുമാറിനെ ദുര്‍ബലമാക്കാനുള്ള കേരളത്തിലെ ആഭിചാരക്രിയ ഫലിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.