രാജേഷ് തില്ലങ്കേരി
മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളവരെ കയറാന്‍ സ്വാതന്ത്ര്യമുള്ള ആ ധനാഢ്യന് ആരാണ് ? കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി അംഗവും സി പി എമ്മിന്റെ പ്രമുഖ നേതാവുമായ കരമന ഹരിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സി പി എമ്മില്‍ വലിയ പൊട്ടിത്തെറിയിലേക്കാണ് നയിച്ചിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക ഭവനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ ഒരു മുതലാളിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതെന്നായിരുന്നു കരമന ഹരി കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആരോപിച്ചത്.
ആ മുതലാളിയുടെ പേര് പറയണമെന്ന് സംസ്ഥാന കമ്മിറ്റിംയംഗം എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കരമന ഹരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും താക്കീത് ചെയ്യാനും സി പി എം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കരമന ഹരി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെയും സ്പീക്കര്‍ക്കെതിരെയും ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒപ്പം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും, താന്‍പ്രമാണിത്തവും, ലക്ഷ്യമില്ലാത്ത പ്രവര്‍ത്തനങ്ങളും ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനത്തിന് വിഷയമായി.
മുഖ്യമന്ത്രിയുമായും സി പി എം സംസ്ഥാന നേതാക്കളുമായും ഏറെ അടുപ്പം പുലര്‍ത്തിപ്പോന്ന കരമന ഹരി എങ്ങിനെയാണ് വിമതനായി മാറിയതെന്നാണ് സി പി എം അണികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന സംശയം. തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന കരമന ഹരി ഉയര്‍ത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ഉയരുന്ന ആശങ്ക.
ഹരി സി പി എം വിട്ട് ഏത് പാളയത്തിലേക്ക് പോവുമെന്നതും സി പി എം നേതൃത്വം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും കരമന ഹരി ചില അഭിപ്രായ വ്യത്യാസം ഉടലെടുത്തതായും വാക്കു തര്‍ക്ക മുണ്ടായതായും ആരോപണമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് എം വി ഗോവിന്ദന് ജില്ലാ കമ്മിറ്റിയില്‍ കരമന ഹരിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് സി പി എം സംസ്ഥാന നേതാക്കള്‍ നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ സമീപനത്തിനെതിരെ ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നതില്‍ നേതാക്കള്‍ അസ്വസ്ഥരാണ്. സ്പീക്കര്‍ എ എന്‍ ഷംസീറിന് ചില കമ്യൂണിസ്റ്റ് വിരുദ്ധരുമായാണ് കൂട്ടെന്ന ആരോപണവും കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തില്‍ ആരോപണമായി ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ വീട്ടില്‍ അടുക്കളവരെ കയറിച്ചെല്ലാവുന്ന ആ വ്യവസായി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം കരമന ഹരി പാര്‍ട്ടി വിട്ടാല്‍ പരസ്യമായി വെളിപ്പെടുത്തും. ഇതു മാത്രമല്ല, സി പി എം ഉന്നത നേതാക്കളുടേയും മന്ത്രിമാരുടെയും ഇത്തരത്തിലുള്ള ബന്ധങ്ങളും ഹരി വെളിപ്പെടുത്തും.
ഹരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും പാര്‍ട്ടിയില്‍നിന്നും തരം താഴ്ത്താനും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനു തൊട്ടു പിന്നാലെയാണ് ഹരി സി പി എമ്മിനോട് വിടപറയുന്നുവെന്ന വിവവരം പുറത്തുവന്നിരിക്കുന്നത്.
ആര്യാ രാജേന്ദ്രനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്ന ചോദ്യത്തിന് ജില്ലാ നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു. പാര്‍ട്ടിയാണ് ആര്യാ രാജേന്ദ്രനെ മേയറാക്കിയത്. വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യാ രാജേന്ദ്രനെ മേയര്‍ പദവിയില്‍ പ്രതിഷ്ഠിച്ചത് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് പിന്‍സീറ്റ് ഡ്രൈവിനുവേണ്ടിയായിരുന്നു വെന്നാണ് ഉയരുന്ന ആരോപണം. ആര്യാ രാജേന്ദ്രനല്ല കുറ്റക്കാരിയെന്നും ആര്യയെ മേയറായി തീരുമാനിച്ച പാര്‍ട്ടിക്കാണ് തെറ്റു പറ്റിയതെന്നുമാണ് സി പി എം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ആരോപണം.
മേയറെ മാറ്റണമെന്ന ആവശ്യം ശക്തമാക്കാന്‍ ഒരു വിഭാഗം സി പി എം ജില്ലാ നേതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കയാണ്. ആര്യാ രാജേന്ദ്രനെ ഉടന്‍ മാറ്റിയില്ലെങ്കില്‍ ബി ജെ പി തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം പിടിക്കുമെന്നും ഇത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്നുമാണ് ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യം.
ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വായടപ്പിക്കുന്നതിന് പകരം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന പരിശോധനയും നടപടിയുമാണ് വേണ്ടതെന്നാണ് കരമന ഹരിയെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതികരണം.
കരമന ഹരി പാര്‍ട്ടി വിട്ടാല്‍ ഒരു വലിയ സംഘം പാര്‍ട്ടി വിടുമെന്ന ഭീഷണിയും നിലവിലുണ്ട്. ഈ പ്രതിസന്ധിയെ എങ്ങിനെ നേരിടാമെന്ന തിരക്കിട്ട ആലോചനകളിലാണ് സി പി എം ജില്ലാ നേതൃത്വം.