പാചകവാതക കണക്ഷന് നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്.
മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് പാചകവാതക കമ്പനികള്‍ വിതരണക്കാര്‍ക്കു നല്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇന്‍ഡേന്‍, ഭാരത്, എച്ച്പി പൊതുമേഖലാ കമ്പനികളുടെ ഏജന്‍സി ഓഫിസുകളിലെത്തി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് നടത്താം.
വിരലടയാളം പതിക്കാനും കണ്ണിന്റെ കൃഷ്ണമണി സ്കാന്‍ ചെയ്യാനുമുള്ള ബയോമെട്രിക് ഉപകരണങ്ങള്‍ ഏജന്‍സികള്‍ സജ്ജമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള ഉപഭോക്താവാണോ എല്‍പിജി സിലിണ്ടറുകള്‍ കൈവശം വച്ചിരിക്കുന്നതെന്ന് അറിയാനുള്ള മസ്റ്ററിങ് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകളടക്കം മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്.
കണക്ഷന് ഉടമ കിടപ്പുരോഗിയോ സ്ഥലത്തില്ലാത്തയാളോ പ്രായാധിക്യത്താന്‍ യാത്ര ചെയ്യാന്‍ പ്രയാസമുള്ള വ്യക്തിയോ ആണെങ്കില്‍, കുടുംബത്തിലെ റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റാരുടെയെങ്കിലും പേരിലേക്ക് കണക്ഷന് മാറ്റി മസ്റ്ററിങ് നടത്താം. ഇതിനായി ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന് ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുമായി ഏജന്‍സി ഓഫിസിലെത്തണം.
മസ്റ്ററിങ് നടത്താന്‍
പാചകവാതക കണക്ഷന് ആരുടെ പേരിലാണോ അവര്‍ ആധാര്‍ കാര്‍ഡ്, പാചകവാതക കണക്ഷന് ബുക്ക് എന്നിവയുമായി ഏജന്‍സിയുടെ ഓഫിസില്‍ എത്തണം.
ഏജന്‍സി ഓഫിസിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാളമോ കണ്ണിന്റെ കൃഷ്ണമണിയോ പതിപ്പിക്കാനാവും. ഇതിനു ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റായി എന്ന സന്ദേശം എത്തും.