രാജേഷ് തില്ലങ്കേരി
പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് ഭരണകക്ഷിയുടെ യുവ നേതാവ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് പരാതി.കോഴിക്കോടു നിന്നാണ് പുതിയ കോഴവാര്‍ത്തള്‍ വരുന്നത്.കോഴിക്കോട് സ്വദേശിയും ഭരണമുന്നണിയിലെ കരുത്തനുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നാണ് ആരോപണം.പി എസ് സി അംഗത്വത്തിലേക്ക് പരിഗണിക്കുന്നതിനായാണ് 22 ലക്ഷം കോഴ നല്‍കിയതെന്നാണ് ആരോപണം. പി എസ് സി അംഗത്വത്തിന് ആകെ അമ്പത് ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴയുടെ ആദ്യഘഡുവായി 22 ലക്ഷം കൈമാറണമെന്നുമുള്ള യുവനേതാവിന്റെ ആവശ്യം പരിഗണിച്ചാണ് പണം കൈമാറിയത്. എന്നാല്‍ പി എസ് സി അംഗത്വവുമില്ല നല്കിയ പണവും പോയതോടെയാണ് കോഴനല്‍കിയ ആള് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് അനുകൂലമായി തീരുമാനം ഉണ്ടാക്കിത്തരുമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നാണ് പരാതി. എന്നാല്‍ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് മന്ത്രി റിയാസ്. ഈ ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. മന്ത്രിയുമായി ഒരു ബന്ധവുമില്ലാത്ത ഒരു നേതാവിന് എങ്ങിനെയാണ് പണം വാങ്ങാന്‍ കഴിയുന്നത്. പണം കൊടുത്തയാളെ എങ്ങിനെയാണ് മന്ത്രിയുമായുള്ള ബന്ധം ബോധ്യപ്പെടുത്തിയത് എന്നൊക്കെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. യുവനേതാവ് തനിച്ചൊരു തട്ടിപ്പ് നടത്താന്‍ മാത്രം ശക്തനല്ല. അപ്പോള്‍ കോഴവാങ്ങിയത് ആര്‍ക്കുവേണ്ടി ? പി എസ് സി അംഗത്വം ഇങ്ങനെ നേതാക്കള്‍ ലേലം വിളിച്ചു വില്‍ക്കുന്നത് എന്ത് അടിസ്ഥാനത്തില്‍.
ഈ കോഴ ആരോപണത്തില്‍ കേവലം ഒരു യുവനേതാവിന് മാത്രമാണോ പങ്ക്. യഥാര്‍ത്ഥ പ്രതി ആരാണ്. പി എസ് സി അംഗത്വം സി പി എമ്മും ഘടകകക്ഷികളും വീതം വെക്കുകയാണ് ചെയ്യുന്നത്. ഐ എന്‍ എല്‍ തങ്ങള്‍ക്ക് കിട്ടിയ പി എസ് സി അംഗത്വം അമ്പത് ലക്ഷത്തിന് വിറ്റത് വലിയ ചര്‍ച്ചയായതും ഐ എന്‍ എല്‍ ഇരുവിഭാഗമായി മാറിയതും തെരുവില്‍ തല്ലുപോലും നടന്നതും നമ്മള് കണ്ടതാണ്. എന്‍ സി പി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ പി സി ചാക്കോയ്ക്കെതിരേയും പി എസ് സി അംഗത്വം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കോഴവാങ്ങിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
എന്തിനാണ് കേരളത്തില്‍ ഇത്രയും പി എസ് സി അംഗങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്യപ്പെടുകയാണ്. പി എസ് സി അംഗങ്ങള്‍ പി എസ് സി യില്‍ എന്താണ് ചെയ്യുന്നത്. 22 അംഗങ്ങളും പി എസ് സി ചെര്‍മാനുമായി ഒരു വര്‍ഷം കോടികള്‍ തന്നെ പ്രതിഫലമായി കൊടുക്കണം. കഴിഞ്ഞ ടേമില്‍ ചെയര്‍മാനായിരുന്ന വ്യക്തി തന്റെ യാത്രയില്‍ ഭാര്യയേയും ഉള്‍പ്പെടുത്തണമെന്നും അവരുടെ എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ട് കത്തു നല്കിയതുവിവാദമായിരുന്നു. ഒരു പി എസ് സി അംഗത്തിന് മാത്രം ഒന്നര കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നതാണ് പി എസ് സി അംഗത്വം പണം കായ്ക്കുന്ന മരമായി മാറുന്നത്. ഭരണ കക്ഷിയിലെ എല്ലാ ഞാഞൂല് പാര്‍ട്ടികള്‍ക്കും ഓരോ പി എസ് സി അംഗത്വം നല്‍കുന്നത് അവര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ്.
സി പി എം മുന്‍കാലങ്ങളില്‍ സ്വന്തക്കാരെ അംഗങ്ങളായി നിയമിക്കാറാണ് പതിവ്. മാറിയ കാലത്ത് സി പി എമ്മും പി എസ് സി അംഗത്വം പണം വാങ്ങി നിയമനത്തിലേക്ക് മാറിയെന്നുവേണം അനുമാനിക്കാന്‍. പി എസ് സി ചെയര്മാന് മാത്രം ഒരു മാസം രണ്ടുലക്ഷത്തോളം ചിലവുവരും. ഇത്രയും അംഗങ്ങളെ തീറ്റിപ്പോറ്റാനുള്ള സാമ്പത്തിക ശേഷി നമ്മുടെ സംസ്ഥാനത്തിനില്ലെന്നിരിക്കെ ഈ പി എസ് സി എന്ന വെള്ളാനയെ ഇനിയെങ്കിലും നിയന്ത്രിക്കുന്നതിന് പകരം പണമുണ്ടാക്കാനുള്ള മാര്‍ഗമായി കൊണ്ടു നടക്കുകയാണ് ഭരണകക്ഷികള്‍.
ബാര്‍കോഴയാരോപണം കെട്ടടങ്ങുമ്പോഴാണ് സി പി എമ്മിനെതിരെ വീണ്ടും ഒരു കോഴയാരോപണം ഉയരുന്നത്. ഇത് സി പി എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാവും. രണ്ടു മാസത്തിനിടയില്‍ ഇത് രണ്ടാമത്തെ കോഴയാരോപണമാണ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉയരുന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാല്‍ സഭയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.
എന്ത് ആരോപണങ്ങളുണ്ടായാലും അതൊന്നും ഗൗനിക്കാതെ, എല്ലാം പാര്‍ട്ടിയെ തകര്‍ക്കാനാണ്, അല്ലെങ്കില്‍ മന്ത്രിയെ കരിവാരിത്തേക്കാനാണ് എന്നൊക്കെയുള്ള വാക്യങ്ങളും വാചകങ്ങളും കൊണ്ട് രക്ഷപ്പെടുകയാണ് പതിവ് പരിപാടി. മന്ത്രി റിയാസ് ഇപ്പോള്‍ തന്നെ ‘എനക്കിറിയില്ല ‘ എന്ന് പറഞ്ഞു കഴിഞ്ഞു. ആര്‍ക്കാണ് ഇതൊക്കെ അറിയുന്നതെന്ന് ആരാണ് ഇവരോടൊക്കെ ചോദിക്കുക. തെറ്റു തിരുത്തും, ആഴത്തില്‍ പഠിക്കും. എന്ത് തെറ്റാണ് ഇവര്‍ പഠിക്കുക…