ആലപ്പുഴ: പതിനഞ്ചുവർഷം മുൻപ് ഇരമത്തൂരിൽനിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭർത്താവ് അനിലിന്റെ അയൽവാസിയായ വിനോദ് ഭവനിൽ സോമൻ ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.സംഭവത്തെക്കുറിച്ച് സോമൻ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്നു താൻ. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാൽവണ്ടിയുംകാത്ത് സംഭവദിവസം കടയിൽത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോൾ കേസിൽ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്കുമാർ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണർത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യർഥിച്ചു. താനന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു.
വിവരം എന്തെന്നുപറയാതെ ചിറ്റമ്പലം ജങ്ഷനിലേക്കു കൊണ്ടുപോയി. അവിടെച്ചെന്നപ്പോൾ വെള്ള മാരുതിക്കാറിന്റെ പിൻസീറ്റിൽ കലയെ ചാരിക്കിടത്തിയിരിക്കുന്നതു കണ്ടു. ആ സീറ്റിൽത്തന്നെ പ്രതികളിലൊരാളായ ജിനുവും ഡ്രൈവർസീറ്റിൽ മറ്റൊരു പ്രതിയായ പ്രമോദും മുന്നിൽ ഇടതുസീറ്റിൽ കലയുടെ ഭർത്താവും ഒന്നാംപ്രതിയുമായ അനിലും ഉണ്ടായിരുന്നു.മറ്റൊരാൾ കാറിനു പുറത്തു നിന്നിരുന്നു. വേണ്ടത്ര വെളിച്ചമില്ലാഞ്ഞതിനാൽ ആരാണെന്നു മനസ്സിലായില്ല. കാറിനുള്ളിൽ പിക്കാസ്, മൺവെട്ടി, കയർ തുടങ്ങിയവയും ഉണ്ടായിരുന്നു. മൃതദേഹം മറവുചെയ്യാൻ സഹായിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് താൻ കൂട്ടുനിൽക്കില്ലെന്നുപറഞ്ഞ് അവിടെനിന്ന് ഉടൻ മടങ്ങി.
അവരെല്ലാം ക്രിമിനൽ സ്വഭാവമുള്ളവരായിരുന്നതിനാൽ ഭയംകൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ല. അടുത്തദിവസം രാവിലെ അനിലിന്റെ വീട്ടിൽ കാർ കഴുകുന്നതു കണ്ടു. പിന്നീട് ആ കാർ അവിടെ കണ്ടിട്ടുമില്ല. -സോമൻ പറഞ്ഞു.