രാജേഷ് തില്ലങ്കേരി
ഒറ്റക്കാഴ്ചയില്‍ ആളൊരു കോമാളിയാണെന്നു തോന്നും.വേഷവും സംസാരവുമൊക്കെ തീര്‍ത്തും വ്യത്യസ്തം.ഒറ്റ നോട്ടത്തില്‍ ജനകീയനാണെന്നു തോന്നുന്ന ഇടപെടല്‍.സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏറെ തല്പ്പരനെന്നും തോന്നിപ്പിക്കും.അന്യന്റെ കണ്ണീരൊപ്പാന്‍ വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടുന്ന വ്യവസായ പ്രമുഖന്.ഇതൊക്കെ ആരെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് സംശയക്കേണ്ട, ബോചെ എന്ന് സ്വയം നാമകരണം ചെയ്ത് പൊതുമണ്ഡലത്തില്‍ സജീവസാന്നിദ്ധ്യമായ ബോബി ചെമ്മണ്ണൂര്‍ എന്ന സ്വര്‍ണ വ്യവസയായി.ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ ഇ ഡിയുടെ കുരുക്കിലാണെന്നാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്തകള്‍. വെള്ളിയാഴ്ച കൊച്ചിയിലെ ഇ ഡി ആസ്ഥാനത്ത് ബോബി ചെമ്മണ്ണൂര്‍ ചോദ്യം ചെയ്യപ്പെട്ടത് വിവിധ വാര്‍ത്താമാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നെങ്കിലും ഇന്നിറങ്ങിയ പത്രങ്ങളൊന്നും അതൊരു വാര്‍ത്തയാക്കിയില്ല. മനോരമയ്ക്ക് കണ്ണൂരില്‍ ഒരു നിധികുംഭം ലഭിച്ചതാണ് അത്ഭുത വാര്‍ത്ത. ബോചെയുടെ നിധിയുടെ ഉറവിടം തേടി ഇ ഡിയെത്തിയതൊന്നും മലയാള മനോരമയ്ക്ക് ഒരു വാര്‍ത്തയേ ആയില്ല.
കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനം എന്നിവയിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം നടത്തുന്നത്.കേരളത്തിലെ മാധ്യമങ്ങള്‍ പരസ്യദാതാവായ ബോചെയെ വെറുതെ വിട്ടെങ്കിലും ഇ ഡി അത്രയെളുപ്പം വിടുന്ന ലക്ഷണമില്ല.കേരളത്തില്‍ സമാന്തര ഭാഗ്യക്കുറി ആരംഭിച്ച് ചായപ്പൊടി വ്യാപാരമെന്ന വ്യാജേന കോടികള്‍ സംഘടിപ്പിച്ച്, അതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള അതിബുദ്ധിയാണ് ഇ ഡിയെ പൊളിച്ചിരിക്കുന്നത്.വിദേശത്ത് ജയില്‍ ശിക്ഷയനുഭവിക്കുന്ന വ്യക്തിയെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണമെന്ന വ്യാജേനയാണ് ഒരു പാക്കറ്റ് ചായപ്പൊടി വാങ്ങൂ, ഭാഗ്യവാനാകൂ എന്ന പദ്ധതിയുമായി ബോചെ രംഗത്തെത്തിയത്. ചായപ്പെടി പാക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന ലോട്ടറിടിക്കറ്റില്‍ നറുക്കെടുപ്പ് നടത്തി എല്ലാ ആഴ്ചയും പ്രൈസ് നല്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.
പ്രൈസ് മണി ലക്ഷങ്ങളായതോടെ ചായപ്പൊടി വില്‍പ്പന തകൃതിയായി.എല്ലാ ജില്ലകളിലും ഔട്ട്ലെറ്റുകള് ആരംഭിച്ചു.മണിചെയിന്‍ മാതൃകയില്‍ ഏജന്റുമാരെ നിയമിച്ചുള്ള ചായപ്പൊടി വില്‍പ്പനയെന്ന പേരില്‍ ഒളിച്ചുള്ള ലോട്ടറി കച്ചവടമായിരുന്നു ബോചെ നടത്തിക്കൊണ്ടിരുന്നത്.ലോട്ടറി നിയമപ്രകാരം സ്വകാര്യ വ്യക്തികള്‍ക്ക് ലോട്ടറി നടത്താനുള്ള അവകാശമില്ലെന്നിരിക്കെ ബോചെ നടത്തിയത് കുറ്റകരമായ പ്രവര്‍ത്തിയാണ്.പഴയ ലോട്ടറി രാജാവ് മാര്‍ട്ടിനെ പോലെ ലോട്ടറി രാജാവാകാനുളള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂര്‍.
കേരളത്തിന്റെ സാമ്പത്തിക മേഖലയെ സ്വന്തം കൈപ്പിടിയിലൊതുക്കുകയെന്നതാണ് ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വ്യക്തമാണ്.കോടികള്‍ നിക്ഷേപമുള്ള സ്ഥാപനമായ ബോബിയുടെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെയും ,അദ്ദേഹത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള മലങ്കര ക്രെഡിറ്റ്സ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെയും,പ്രവര്‍ത്തനങ്ങള്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കുറച്ചുനാളായി ഇ ഡി നിരീക്ഷണത്തിലായിരുന്നു.
ഗള്‍ഫില്‍ ജയില്‍ കിടക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ദ്രവ്യമായി 34 കോടി രൂപയ്ക്കായി ജനകീയ ഫണ്ട് രൂപീകരണത്തിനായി തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ പൊതുജനങ്ങളില്‍ നിന്ന് യാചിച്ച് ധനസമാഹരണം നടത്തുമെന്ന് പ്രഖ്യാപിച്ച് വലിയ വാര്‍ത്തയായിരുന്നു ബോബി ചെമ്മണ്ണൂര്‍ സൃഷ്ടിച്ചത്.പൊതു ജനങ്ങളില്‍ നിന്നും പണം സ്വരൂപിക്കാന്‍ ജനകീയ കമ്മിറ്റി ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ബോബിയും മറ്റൊരു ദൗത്യവുമായി രംഗത്തിറങ്ങിയത്.ഈ വാര്‍ത്തയ്ക്ക് കിട്ടിയ ജനകീയ പിന്തുണയ്ക്ക് തൊട്ടുപിന്നാലെയാണ് ബോചെ ചായ പൊടിവാങ്ങൂ സമ്മാനങ്ങള്‍ നേടൂ എന്ന പരസ്യവുമായി ബോബി രംഗത്തിറങ്ങുന്നത്.
ചായപൊടിപാക്കറ്റില് ലോട്ടറി തിരുകി നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ കോടികളുടെ ഇടപാടാണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നത്.ഇതാണ് അന്വേഷണ പരിധിയിലേക്ക് ആദ്യം വന്നതെങ്കിലും മലങ്കര ക്രഡിറ്റ് സൊസൈറ്റിയെന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് നിലവില്‍ ഇ ഡി പരിശോധിക്കുന്നത്.പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂര്‍ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ഇഡിക്ക് വ്യക്തമായിരിക്കുന്നത്.
സ്വര്‍ണവ്യാപാരിയും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണ്ണൂരിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങിതോടെ കേസ് ഒതുക്കാനും കുടുതല്‍ വിവരങ്ങള്‍ പുറത്തു വരാതെ ഇരിക്കാനും അണിയറയില്‍ ശ്രമങ്ങള്‍ തുടരുന്നു.നിക്ഷേപമായി നിരവധിയാളുകളില്‍ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചോ എന്നുമാണ് ഇ ഡി പരിശോധിക്കുന്നത്.നിക്ഷേപം സ്വീകരിക്കുന്നതിലും തുടര്‍ന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയില്‍ ഉളളത്.നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.
ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂര്‍ വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ഇ ഡി കണ്ടെത്തിയയത്.ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്.ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.വിദേത്തുനിന്നടക്കം വന്‍ തോതില്‍ നിക്ഷേപം ബോബിയുടെ സ്ഥാപനം സ്വീകരിച്ചിട്ടുണ്ട്.ഇത് ഫെമ നിയമം അനുസരിച്ചാണോ അതോ നിയമ ലംഘനം ഉണ്ടോയെന്നും ഇ ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
സാധാരണഗതിയില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അത്തരത്തില്‍ വല്ല കേസും ഉയര്‍ന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ സംസ്ഥാന ലോട്ടറി ഡയറക്ടര്‍ പരാതി നല്‍കിയിരുന്നു. ഈ കേസുള്‍പ്പെടെ ഉയര്‍ന്നുവന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം കൊണ്ടുവരാനാണ് സാധ്യതയെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.