ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായിരുന്ന ഡോ എം എസ് വല്യത്താന് വിടവാങ്ങി. മണിപ്പാല്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചായിരുന്നു അന്ത്യം. ഡോ വല്യത്താന്റെ മരണം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഹൃദയ വിശുദ്ധിയുടെ നിറകുടം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഭിഷഗ്വരനായിരുന്നു ഡോ എം എസ് വല്യത്താന്. സാധാരണക്കാരായ ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് ആശ്വാസമായൊരു ജീവിതമാണ് ഡോ വല്യത്താന്റേത്.
തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടറായിരുന്നു ഡോ എം എസ് വല്യത്താന്. 20 വര്‍ഷക്കാലം തുടര്‍ച്ചയായി ഡോ വല്യത്താന് ശ്രീചിത്രാ ഇന്‍സ്റ്റിയൂട്ടിന്റെ തലപ്പത്ത് അദ്ദേഹം തുടര്‍ന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയായി മാറിപ്പോയേക്കാമായിരുന്ന ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകനിലവാരത്തിലുള്ള ഒരു റിസര്‍ച്ച് സെന്ററാക്കി മാറ്റിയത് ഡോ വല്യത്താന് എന്ന ദീര്‍ഘദര്‍ശിയായ ആരോഗ്യപ്രവര്‍ത്തകനായിരുന്നു.
ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യബാച്ചുകാരനായിരുന്നു വല്യത്താന്. ലിവര്‍പൂളില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ ഡോ വല്യത്താന് എഫ് ആര് സി എസും നേടിയാണ് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് ജോണ്‍ ഹോപ്കിന്‍സ് അടക്കമുള്ള ഉന്നത വിദേശ സര്‍വ്വകലാശാലകളിലേക്ക് തിരികെ പോയി.
മുഖ്യമന്ത്രിയായിരുന്ന സി അച്ചുതമേനോന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശ്രീചിത്രാ മെഡിക്കല്‍സിന്റെ ചുമതല ഏറ്റെടുക്കാനായി തിരുവനന്തപുരത്തേയ്ക്ക് എത്തുന്നത്. അക്കാലത്ത് ഹൃദയവാല്‍വ് വച്ചുപിടിപ്പിക്കുന്ന ചികിത്സ ഏറെ ചിലവേറിയതായിരുന്നു. വിദേശത്തുനിന്നും കൃത്രിമ ഹൃദയവാല്‍വുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്.
എന്തുകൊണ്ട് കൃത്രിമ ഹൃദയവാല്‍വ് നമുക്ക് നിര്‍മ്മിച്ചുകൂടാ എന്ന ഡോ. വല്യത്താന്റെ ആലോചനകളില്‍ നിന്നാണ്. രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയവാല്‍വ് നിര്‍മ്മിച്ച് രോഗികള്‍ക്ക് ചിലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കിയതാണ് ഡോ വല്യത്താന് ലക്ഷക്കണക്കിന് ഹൃദ് രോഗികള്‍ക്കിടയില്‍ ദൈവതുല്യനായി മാറിയത്.
1934 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും ജാനകി വര്‍മ്മയുടേയും മകനായി മാവേലിക്കരയിലാണ് മാര്‍ത്താണ്ട വര്‍മ്മ ശങ്കരന് വലിയത്താന് എന്ന ഡോ വല്യത്താന്റെ ജനനം. ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് ലോകമറിയുന്ന ഹൃദയശസ്ത്രക്രിയാ വിദഗ്ധനായി വല്യത്താന് മാറിയതിന് പിന്നില്‍ കഠിനമായ പ്രയത്നത്തിന്റെ ചരിത്രംകൂടിയുണ്ട്.
ഒരു ഡോക്ടര്‍ എന്ന നിലയിക്കപ്പുറം ഒരു ശാസ്ത്രജ്ഞന് എന്ന നിലയിലാണ് ഡോ വല്യത്താനെ അടയാളപ്പെടുത്തേണ്ടത്, അദ്ദേഹം നിരന്തരമായ ഗവേഷണങ്ങളിലും പഠനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. ചികിത്സാ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചു. അതിന്റെ ഭാഗമായിരുന്നു കൃത്രിമ ഹൃദയവാല്‍വിന്റെ തദ്ദേശീയമായ നിര്‍മ്മാണം.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ മള്‍ട്ടി ഡിസ്പ്ലിനറി സംഘം ഡോ. വല്യത്താന്റെ നേതൃത്വത്തില്‍ വാസ്കുലര്‍ ഗ്രാഫ്റ്റും ബ്ലഡ് ബാഗ്, ഓക്സിജന്‍, കാര്‍ഡിയോടോമി റിസര്‍വോയര്‍ തുടങ്ങിയ ഡിസ്പോസിബിള്‍ ഉപകരണങ്ങളും വികസിപ്പിച്ചു. ഇതെല്ലാം ചികിത്സാ രംഗത്ത് കൂടുതല്‍ മികവിലേക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ മികച്ച വൈദ്യശുശ്രൂഷാ സ്ഥാപനമാക്കി മാറ്റി.
ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഫാക്കല്‍റ്റിയായി സേവനം അനുഷ്ഠിച്ച ഡോ വല്യത്താന് വിദേശത്ത് നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും അതൊന്നുമല്ല തന്റെ ജീവിത ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് തിരുവനന്തപുരത്തേയ്ക്ക് പുതിയ ദൗത്യം ഏറ്റെടുക്കാനായി തിരികെ എത്തുന്നത്.
16 വയസ്സുകാരിയെ പീഡിപ്പിച്ചു; പാലക്കാട്ട് പൊലീസുകാരൻ അറസ്റ്റിൽ
എം എസ് വല്യത്താന് പകരം എം എസ് വല്യത്താന് മാത്രമെന്നു വിശേഷിപ്പിക്കാവുന്നതായിരുന്നു ആ ജീവിതം. എന്നും വ്യക്തമായ നിലപാടില്‍ ഊന്നിയാണ് അദ്ദേഹം ജീവിതാവസാനം വരെ മുന്നോട്ടുപോയത്. ആയുര്‍വേദത്തേയും അലോപ്പതിയേയും ഒരുമിപ്പിച്ചുള്ള ചികിത്സാ രീതി നടപ്പാക്കിയപ്പോള്‍ ആധുനിക ചികിത്സകര്‍ക്കിടയില്‍ നിന്നും അതി ശക്തമായ എതിര്പ്പുളുയര്ന്നു.
എന്നാല്‍ അതൊന്നും വല്യത്താനെ തളര്‍ത്തിയില്ല. ആയുര്‍വ്വേദത്തിലെ ശാസ്ത്രത്തെ പുതിയ ചികിത്സാ രീതികളുമായി സംഗമിപ്പിച്ചുള്ള വല്യത്താന്റെ നീക്കം വിജയം കണ്ടു.
അലോപ്പതിയില്‍ ലോകത്തുള്ള എല്ലാ ചികിത്സാ രീതികളും കേരളത്തിലെത്തിച്ച ഡോ വല്യത്താന് ആയുര്‍വ്വേദത്തെയും അലോപ്പതിയേയും സമന്വയിപ്പിച്ചുള്ള ചികില്‍സാ രീതിയിലൂടെ ലോകത്ത് വേറിട്ട ചികില്‍സാ രീതി അവതരിപ്പിച്ചു.
1999 ല്‍ മണിപ്പാല്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റ ഡോ വല്യത്താന് ആയുര്വ്വേഗദത്തിന്റെ ആചാര്യനായി അറിയപ്പെടുന്ന ചരകനെക്കുറിച്ച് പഠനം നടത്തി. ചരകനെക്കുറിച്ചുള്ള വല്യത്താന്റെ പഠനത്തിന് ഹോമി ഭാഭ കൗണ്‍സില്‍ സീനിയര്‍ ഫെലോഷിപ്പ് നല്കി. ആ പഠനമാണ് ‘ദി ലെഗസി ഓഫ് ചരക‘ എന്ന പുസ്തകത്തിന്റെ എഴുത്തിലേക്ക് എത്തിച്ചത്.
ഒരു ദേശീയ ഗവേഷണ പ്രൊഫസര്‍ എന്ന നിലയില്‍ അദ്ദേഹം സുശ്രുതനേയും വാഗ്ഭട്ടയെയും കുറിച്ചും പഠനം നടത്തി. ആയുര്‍വേദത്തിലെ ‘ഗ്രേറ്റ് ത്രീ‘യെക്കുറിച്ചുള്ള ലെഗസി വാല്യങ്ങളുടെ പരമ്പര പൂര്‍ത്തിയാക്കിയതും ഡോ വല്യത്താന്റെ ആയുര്‍വ്വേദ രംഗത്തെ ഗവേഷണത്തിന്റെ ഭാഗമായാണ്.
ഒരു അഭിമുഖത്തില്‍ ഡോ. വല്യത്താന് നിരീക്ഷിച്ചു, ”ഈ സമയത്ത് ഭൗതികശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍, രോഗപ്രതിരോധശാസ്ത്രജ്ഞര്, തന്മാത്രാ ജീവശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ആയുര്‍വേദ വൈദ്യരുമായി സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുസ്ഥലവുമില്ല. ആയുര്‍വേദം വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്രങ്ങളുടെയും മാതാവാണ്. ഇതൊക്കെയാണെങ്കിലും, ആയുര്‍വേദത്തില്‍ നിന്ന് ശാസ്ത്രം പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് . എന്നാല്‍ ഇവ മുന്നേറ്റം നടക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി മേഖലകളാണ്. ‘
പ്രൊഫസര്‍ വല്യത്താന് വിദ്യാഭ്യാസം, വൈദ്യം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സര്‍ക്കാര്‍ കമ്മിറ്റികളിലും അക്കാദമിക് കൗണ്‍സിലുകളിലും സേവനമനുഷ്ഠിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ജി എസ് ടിയുടെ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് കൗണ്‍സില്‍, ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ്, മന്ത്രിസഭയുടെ ശാസ്ത്ര ഉപദേശക സമിതി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ബയോമെറ്റിക്സ് കമ്മിറ്റി ചെയര്‍മാനായ അദ്ദേഹം മുമ്പ് കേരള സര്‍ക്കാരിന്റെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി സംസ്ഥാന സമിതിയുടെ ചെയര്‍മാനായിരുന്നു. അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ മുന്‍ പ്രസിഡന്റാണ്.
നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാര്‍ഡുകളും വലിയത്താന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 2005 ല്‍ പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. 1999 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്കിയ ഓര്‍ഡ്രെ ഡെസ് പാംസ് അക്കാഡെമിക്സില്‍ അദ്ദേഹത്തെ ഷെവലിയര്‍ പട്ടം നല്കി ആദരിച്ചു.
അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സംഭവാനകള്‍ പരിഗണിച്ച് 2009 ല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല മെഡിക്കല്‍ സ്കൂള്‍ ഡോ സാമുവല്‍ പി ആസ്പര്‍ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് നല്കി ഡോ എം എശ് വല്യത്താനെ ആദരിച്ചിരുന്നു.ഇതോടൊപ്പം നിരവധി ദേശീയവും അന്തര്‍ദേശീയവുമായ പുരസ്കാരങ്ങളും ആദരങ്ങളും വല്യത്താനെ തേടിയെത്തി.
സമൂഹത്തോട് എന്നും പ്രതിബന്ധയുണ്ടായിരുന്ന മഹത് വ്യക്തികത്വമാണ് ഡോ വല്യത്താന്റെത്. എം എസ് വല്യത്താന് എന്നും രോഗികളുമായൊരു ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന് ഹൃദയം തിരികെ കൊടുത്ത ആ മഹാനുഭാവന് ആരദാജ്ഞലികള് അര്‍പ്പിക്കുന്നു.