തിരുവനന്തപുരം:സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമായി ആരോഗ്യവകുപ്പ്.ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നല്കാന് സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്.ആശധാര പദ്ധതിയിലൂടെയാണ് സൗജന്യ കുത്തിവയ്പു നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുന്നൂറോളം കുട്ടികള്‍ക്ക് എമിസിസുമാബ് പ്രയോജനം ലഭിക്കും.
നിലവിലെ മരുന്ന് ആഴ്ചയില്‍ രണ്ട് ദിവസം കുത്തിവയ്ക്കണം.പുതിയ മരുന്ന് മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി.നേരത്തെയുള്ള മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് വേദന അനുഭവപ്പെടും.എമിസിസുമാബ് കുത്തിവയ്ക്കുമ്പോള്‍ കാര്യമായ വേദനയുണ്ടാവില്ല.ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ജോലി എന്നിവ മാറ്റിവച്ചു കുത്തിവയ്പ് എടുക്കാന്‍ ആശുപത്രികളില്‍ എത്തണം. ഇത് മാസത്തില്‍ ഒരു ദിവസമായി കുറയുന്നത് വലിയ ആശ്വാസമാകും.