കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ. നേതാവിന്റെ നേതൃത്വത്തിൽ മർദിച്ച കേസ് അഞ്ചരലക്ഷം രൂപനൽകി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് ആരോപണം. മുഖ്യപ്രതി അരുണുമായി ബന്ധമുള്ള നേതാക്കളാണ് ഇടപെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
2022 ഓഗസ്റ്റ് 31-ന് മെഡിക്കൽ കോളേജ് പ്രധാന കവാടത്തിൽവെച്ചാണ് സുരക്ഷാജീവനക്കാരായ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശൻ (61), ബാലുശ്ശേരി തുരുത്തിയാട് കെ.എ. ശ്രീലേഷ് (42), കുറ്റ്യാടി രവീന്ദ്രപണിക്കർ (53) എന്നിവരെ മർദിച്ചത്. ആശുപത്രി സൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചത് തടഞ്ഞതായിരുന്നു മർദനകാരണം. ഡി.വൈ.എഫ്.ഐ.യുടെ അന്നത്തെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ കെ. അരുൺ ഉൾപ്പെടെ 16 പേരെ പ്രതികളാക്കിയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തത്.
മെഡിക്കൽ കോളേജിലെ ചില ജീവനക്കാരും മുൻകൈയെടുത്തെന്ന് സൂചനയുണ്ട്. പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സതേടേണ്ടിവന്ന മൂന്ന് സുരക്ഷാ ജീവനക്കാരിൽ ഒരാളെ ഒഴിവാക്കിയാണ് ഇപ്പോൾ ഒത്തുതീർപ്പിന് ശ്രമംനടന്നത്. കേസ് പിൻവലിച്ചാൽ അഞ്ചരലക്ഷം പ്രതികൾ നൽകുമെന്നാണ് നൽകിയ ഉറപ്പ്. കേസിന്റെ വിചാരണനടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടന്നത്.