ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ അപമാനിച്ചതായി ആക്ഷേപം. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലായാണ് രാഹുലിന് ഇരിപ്പിടം നൽകിയത്. വിഷയത്തിൽ, സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി നിരവധി പേർ രംഗത്തെത്തി.കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്. ജയ്ശങ്കർ എന്നിവരായിരുന്നു മുൻനിരയിൽ.
എന്നാൽ, ക്യാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമായ പദവിയുള്ള ലോക്സഭാ പ്രതിപക്ഷനേതാവിന് പിന്നിൽ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു സീറ്റ് അനുവദിച്ചത്.മലയാളി ഹോക്കി താരം പി.ആർ. ശ്രീജേഷ്, മനു ഭാക്കർ, സരബ്ജോദ് സിങ് തുടങ്ങിയ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കൊപ്പമായിരുന്നു രാഹുലിന്റെ ഇരിപ്പിടം. വിമർശനം ഉയർന്നതോടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ഒളിമ്പിക് കായികതാരങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നതിനാണ് ഇങ്ങനെ ക്രമീകരിച്ചതെന്നാണ് വിശദീകരണം.
അതിനിടെ, ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി മോദി മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അഴിമതിനിറഞ്ഞ ഭരണത്തെ രാജ്യം മറികടന്നുവെന്ന് മോദി പറഞ്ഞു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ചിലർ ഇപ്പോഴും രാജ്യത്തുണ്ടെന്നും അവർ അഴിമതിക്കാരെ പാടിപ്പുകഴ്ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.