മുംബൈ: സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അത് തെളിയിക്കുന്നതാണ് കൊല്‍ക്കത്തയില്‍ നടന്ന സംഭവം. നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും മാറ്റം ഒന്നും തന്നെ വന്നിട്ടില്ലെന്നും നടി ആലിയ ഭട്ട്. കൊൽക്കത്ത മെഡിക്കൽ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാമിലാണ് താരം തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
https://www.instagram.com/p/C-qGT1qTYDe/?igsh=MXJxbHNybXQ5aWVvZQ==
‘മറ്റൊരു ക്രൂരമായ ബലാത്സംഗം. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്റെ മറ്റൊരു ദിനം കൂടി കടന്നുപോയി’- എന്നും താരം കൂട്ടിച്ചേർത്തു. ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്.
“ഈ വേദനയിൽ അതിജീവിതയുടെ കുടുംബത്തോടൊപ്പം ഞാൻ നിൽക്കുന്നു. എന്ത് വിലകൊടുത്തും അവർക്ക് നീതി ലഭ്യമാക്കണം” എന്ന് കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പറഞ്ഞു. ‘മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ പോലും സുരക്ഷിതരല്ലെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എങ്ങനെ പഠനത്തിനായി പുറത്തേക്ക് അയക്കും’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.