കൊല്‍ക്കത്ത: യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ കൊല്‍ക്കത്ത ആര്.ജി.കര് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഒന്‍പത് പേര് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.
ഇന്ന് രാവിലെ അക്രമികളില്‍ ചിലരുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പോലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം ഒന്‍പത് പേര് അറസ്റ്റിലായത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്കി.