അനുഷ എൻ .എസ്
ഗാസ ലോകത്തിനു മുന്നില്‍ കണ്ണീരായി മാറുകയാണ്. ദീര്‍ഘകാലമായി നടക്കുന്ന യുദ്ധത്തിന്റെ ദുരിതത്തില്‍ നിന്നും കരകയറാനാവാതെ ദുരന്തങ്ങളില്‍ നിന്നും ദുരന്തത്തിലേക്കുള്ള വഴിമാത്രമാണ് ഗസയിലിപ്പോള് തുറക്കുന്നത്.
സംഘര്‍ഷാവസ്ഥയും യുദ്ധവും തുടരുന്ന ഗാസയില്‍ ഇപ്പോഴിതാ പോളിയോ ഭീഷണിയും പിടിമുറുക്കിയിരിക്കുകയാണെന്നാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്തകള്‍.
യുദ്ധത്തെതുടര്ന്നുണ്ടായ വാക്സിനേഷന്‍്റെ ലഭ്യതക്കുറവില്‍ 10 മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുദ്ധം നടക്കുന്ന ഗാസയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുഞ്ഞിന് പോളിയോ രോഗം സ്ഥിരീകരിച്ചത്.ഐക്യരാഷ്ട്ര സംഘടനാമേധാവി അന്റോണിയോ ഗുട്ടറസ് ആണ് പോളിയോ സംമ്പദ്ധിച്ച ആശങ്ക കഴിഞ്ഞ ദിവസം പങ്ക് വെച്ചത്.എന്നാല്‍ എല്ലായിടത്തും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വാക്സിനേഷന് നല്‍കുക എന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ഗാസയില്‍ പോളിയോ ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ അതീവ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചുരുന്നു. ഗാസയില്‍ കുടിവെള്ളത്തില്‍ പോളിയോ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യസംഘടന ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും WHO ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ 64000 കുട്ടികളാണ് വാക്സിന് എടുക്കാന്‍ ബാക്കിയുള്ളത്. ഓഗസ്റ്റ് അവസാനവാരത്തോടെ ഗാസയില്‍ 1.6 മില്ല്യണ്‍ പോളിയോ വാക്സിനുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചുണ്ട്. എന്നാല്‍ വാക്സിനുകള്‍ എത്തിക്കഴിഞ്ഞാല്‍ അത് കൃത്യമായി ശീതീകരിച്ച് സൂക്ഷിക്കാന്‍ റഫ്രിജറേറ്റര്‍ സൗകര്യം ,പോളിയോ നല്കുവാന് ആരോഗ്യവിദഗ്ദ്ധരുടെ സേവനവം, മറ്റ് സൗകര്യങ്ങള്‍ എന്നിങ്ങനെയെല്ലാം ആവശ്യമാണ്. എന്നാല്‍ നിലവില്‍ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താളംതെറ്റിക്കിടക്കുന്ന നിലയിലാണ്.
5 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. ശുചിത്വമില്ലാത്ത ചുറ്റുപാടുകള്‍ ,കൃത്യമായ മരുന്നുകളുടെ ലഭ്യതക്കുറവ്, മലിനജലം ,സംസ്ക്കരിക്കാത്ത മൃതദേഹങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രോഗാണുക്കള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത ഇരട്ടിയാക്കുന്നുണ്ട്. .ഗാസാ മുനമ്പിലെ 6 ഇടങ്ങളില്‍നിന്ന് ശേഖരിച്ച കുടിവെള്ളത്തില്‍ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്ലോബല്‍ പോളിയോ ലബോറട്ടറി നെറ്റ്വര്‍ക്ക് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. യുദ്ധത്തെതുടര്ന്നുണ്ടായ നാശനഷ്ടത്തില്‍ ഗാസയിലെ മിക്ക ഓവുചാലുകളും തകര്‍ന്ന അവസ്ഥയിലാണ്. കൂടാതെ രാജ്യത്തെ ഒരൊറ്റ മാലിന്യ സംസ്ക്കരണ പ്ളാന്റുപോലും പ്രവര്‍ത്തനക്ഷമമല്ല ഇതൊക്കെ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്ധിപ്പിക്കയാണ്.
പോളിയോമൈലറ്റിസ് എന്ന രോഗാവസ്ഥയാണ് പോളിയോ എന്ന് ചുരുക്കി പറയുന്നത്. പോളിയോ എന്ന വൈറസ് മൂലമാണ് ഈ രോഗം ബാധിക്കുന്നത്. തൊണ്ടവേദന ,കടുത്തപനി, തീവ്രമായ കഴുത്ത് വേദന തുടങ്ങിയവയാണ് സാധാരണയായി പോളിയോയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. രോഗം ബാധിച്ചുകഴിഞ്ഞാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി നേടാനാകും എന്നാല്‍ വാക്സിന് എടുത്തെങ്കില്‍ മാത്രമേ ഇത്തരത്തിലൊരു രോഗമുക്തി നേടാനാകൂ .പോളിയോ രോഗം സാധാരണയായി മനുഷ്യരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് . ഒരു കാലത്ത് ലോകജനത ഏറെ ഭയപ്പെട്ടിരുന്നരോഗമാണ് പോളിയോ .വാക്സിന് കണ്ട്പിടിച്ചതിന്ശേഷമാണ് രോഗം നിയന്ത്രണവിധേയമാക്കുവാന്‍ സാധിച്ചത്.
37396 ന് മേല്‍ മനുഷ്യജീവനുകളാണ് ഗസയില്‍ ഇതുവരെയുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. പതിനായിരത്തോളം പേരെക്കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ടവരില്‍ 15,694 പേര് കുട്ടികളാണ്. മരിച്ചവരില്‍ 70% പേരും സ്ത്രീകളും കുട്ടികളുമാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ 400 ന് മുകളില്‍ പേര് കൊല്ലപ്പെട്ടു. 100ന് മേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ജീവന് നഷ്ടപ്പെട്ടു. പട്ടിണി മൂലം ഗാസയില്‍ 50 ലേറെപ്പേര്‍ മരണമടഞ്ഞു .മാതാപിതാക്കളുടെ ഒപ്പമല്ലാതെയോ ആരെങ്കിലും ഒരാള്‍ക്കൊപ്പം മാത്രമായോ തങ്ങുന്നത് വീടില്ലാത്ത 17,000 കുട്ടികളാണ്.
യുദ്ധം മൂലം ഗാസയില്‍ 3300 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതിനിടയില്‍ യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ മേചിപ്പിക്കാന്‍ ഒപ്പറേഷന് അജയ് എന്ന പേരില്‍ ഒരു ദൗത്യം വിദേശകാര്യമന്ത്രാലയം ആരംഭിക്കുകയും ,1309 ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനും സാധിച്ചു.