തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര.സംവിധായകന് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മര്‍ദം താങ്ങാന്‍ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കരുത് എന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദങ്ങള്‍ക്കൊടുവില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണവുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച നടി, കൊച്ചി പൊലീസിന് പരാതിയും നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന് ഇ മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. ഈ പരാതി നോര്‍ത്ത് പൊലീസിന് കൈമാറിയെന്നും എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.