കൊച്ചി: പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട സംഭവത്തിൽ മുകേഷിന്റെ പ്രതികരണം പുറത്ത്. പരാതി നൽകിയ നടി തന്നെ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്നും ഇതിന് തെളിവായി വാട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പടെ കൈവശമുണ്ടെന്നുമാണ് മുകേഷിന്റെ അവകാശവാദം.
മുഖ്യമന്ത്രിയെ മുകേഷ് ഇക്കാര്യം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുമായി മുകേഷ് സംസാരിച്ചതെന്നും വാർത്തകളുണ്ട്.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ കേസെടുത്തിരുന്നു. മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.
ഭാരതീയ നിയമസംഹിത 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.