കൊച്ചി:കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി.ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിര്‍ കേസ് പരിഗണിച്ചത്.വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ കിട്ടിയ പേരുകളില്‍ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഹര്‍ജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചേര്‍ക്കണം എന്നുള്ള ഹര്‍ജിക്കാരന്റെ വാദം പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കിയ കോടതി ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.
ഹര്ജിക്കാരന് നല്കിയ പരാതിയില്‍ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മറുപടി നല്കി. ഇതിന്റെ ഫൊറന്‍സിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങള്‍ നടത്തിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയില്‍ പോകുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്കി.ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്റെ പേരിലുളള വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.