തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിവി അന്‍വര്‍ എംഎല്‍എ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരില്‍ കണ്ട് പരാതി കൊടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് നല്കിയ പരാതി തന്നെയാണ് പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയത്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. പരാതികളില്‍ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. എലി മോശക്കാരനല്ല. വീട്ടിലൊരു എലിയുണ്ടെങ്കില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താന്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ഇതൊരു അന്തസ്സുള്ള പാര്‍ട്ടിയാണ്. അന്തസ്സുള്ള ഗവണ്മെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. ജനങ്ങള്‍ക്ക് മുന്നിലാണ് പരാതി തുറന്ന് പറഞ്ഞത്. ഇന്നലെയാണ് താന്‍ പരാതി കൊടുത്തത്. അന്വേഷണത്തില്‍ തനിക്ക് തിരക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണ സംഘം തന്റെ പരാതി പഠിക്കട്ടെയെന്നും ഒരുറപ്പും തനിക്ക് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. താന്‍ പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വികാരമാണ്. അതിനെ തള്ളിക്കളയാന്‍ കഴിയില്ല. മുഖ്യമന്ത്രിക്ക് കുറ്റാരോപിതരെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച വ്യക്തികള്‍ ചതിച്ചെങ്കില്‍ ആ ചതിക്കുന്നവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. വിശദമായി അന്വേഷിച്ച ശേഷമാണ് താന്‍ കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് എന്തിന് തൃശ്ശൂര്‍ പൂരം കലക്കുന്നു? ഇങ്ങനെ വൃത്തികെട്ടവര്‍ പൊലീസ് ഉണ്ടായത് എങ്ങിനെയെന്ന് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പരാതിയുമായി രംഗത്ത് വന്നതെന്നും അന്‍വര്‍ വ്യക്തമാക്കി.