ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളില്‍ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.മുണ്ടക്കൈ വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടിയുടെ നിര്‍ദേശ പ്രകാരം 48 മണിക്കൂറിനവുള്ളില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരായ ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും വിദ്യാഭ്യാസ വകുപ്പ് മുണ്ടക്കൈ സ്കൂളിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. രണ്ടു അധ്യാപകരും അടുത്ത ദിവസം തന്നെ സ്കൂളിലെത്തും.
കുട്ടികളും ടീച്ചറുമായുള്ള സൗഹൃദവും സ്നേഹവും പ്രകടമാകുന്ന ആ വീഡിയോ കേരളം ഒന്നടങ്കം ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാല്‍, ഈ അധ്യയന വര്‍ഷം ശാലിനി ടീച്ചര്‍ക്ക് മീനങ്ങാടിയിലേക്കും അശ്വതി ടീച്ചര്‍ക്ക് മേപ്പാടിയിലേക്കും സ്ഥലം മാറ്റി കിട്ടി. ഇരുവരും മുണ്ടക്കൈയില്‍ നിന്ന് സ്ഥലംമാറി മറ്റിടങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് മുണ്ടക്കൈയെയും ചൂരല്‍ല്‍മലയെയും ഇല്ലാതാക്കി മഹാദുരന്തമായി ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഉരുള്‍പൊട്ടലുണ്ടായി ഒരുമാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് മേപ്പാടി പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളായ എപിജെ അബ്ദുള്‍കലാം ഹാള്‍ താത്കാലികമായി സ്കൂളാക്കി മാറ്റി മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പുനപ്രവേശനം നടന്നത്.