തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നിലയുടെ വിലയിരുത്തലിന് കേരളം ചർച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും വേണ്ടിയാണ് കേരളം ചർച്ചാ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകൾക്കും സമ്മേളനം വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ഉണ്ടായ അസമത്വം കാരണം ചില സംസ്ഥാനങ്ങൾ ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു.
സംസ്ഥാന ധന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12ന് തിരുവനന്തപുരത്താണ് ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.