കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പൊളിച്ചുപണി വേണമെന്നാണ് സാന്ദ്ര തോമസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കളായ സാന്ദ്ര തോമസും ഷീലു കുര്യനും സംഘടനക്ക് കത്ത് നൽകി.
ഇപ്പോഴുള്ള കമ്മിറ്റി ചിലരുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ച് നിക്ഷിപ്ത താൽപര്യത്തോടെ മുന്നോട്ട് പോകുന്ന സംഘടനായെണെന്നും ഇരുവരും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന വലിയ മൗനം പാലിച്ചു. സംഘടനയുടെ യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ കത്ത് വായിക്കുകയുണ്ടായി.കത്തിലെ ഉള്ളടക്കത്തെ കുറിച്ച് വിയോജിപ്പ് അറിയിച്ചപ്പോൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചുകഴിഞ്ഞെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായ അനിൽ തോമസ് പറഞ്ഞത്.
കത്ത് അയക്കുന്നതിന് മുന്‍പ് കമ്മിറ്റിയിൽ ചർച്ച ചെയ്യണമായിരുന്നു. കത്തിനെ കുറിച്ച് എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞിരുന്നില്ല.
സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളത്. ഇത്തരം പ്രഹസനങ്ങളിൽ നിന്ന് സംഘടന മാറിനിൽക്കണം. വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും സാന്ദ്ര തോമസ് കത്തിൽ ചൂണ്ടിക്കാട്ടി.
നിർമാതാക്കളുടെ സംഘടനയിൽ ഒരു വലിയ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഒരു പരിപാടിയിലും സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. സിനിമ ചെയ്ത് തന്നെയാണ് സിനിമ വ്യവസായത്തിലേക്ക് കടന്നുവന്നത്. തരംതിരിച്ച് കാണുന്നതിനോട് യോജിക്കുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.