തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ രൂപംകൊടുത്ത ഹേമകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറി.
എസ്.ഐ.ടി തലവനും ക്രൈബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കിടേഷിനാണ് റിപ്പോർട്ട് കൈമാറിയത്. തുടർനടപടിക്കായി എസ്.ഐ.ടി ഇന്ന് പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. റിപ്പോർട്ടിന്റെ പൂർണരൂപം നൽകാൻ നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു.
കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവർ പിന്നീട് പരാതിയുമായി വരാനുള്ള സാധ്യത കുറവായതിനാൽ നിയമസാധുത പരിശോധിച്ച ശേഷമാകും തുടർനടപടി സ്വീകരിക്കുക. റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യമില്ലെന്നായിരുന്നു എസ്.ഐ.ടി തുടക്കത്തിൽ സ്വീകരിച്ച നിലപാട്. പിന്നീട് ഹൈകോടതി ഇടപെട്ടാണ് റിപ്പോർട്ടിന്റെ പൂർണരൂപം നൽകാൻ നിർദേശിച്ചത്.
പോക്സോ ഉൾപ്പെടെ ചുമത്താനുള്ള വകുപ്പുകളുണ്ടെന്ന സൂചനക്കു പിന്നാലെയാണ് ഹൈകോടതി ഇടപെട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനോട് കടുത്ത ചോദ്യങ്ങളാണ് ഹൈകോടതി ഉന്നയിച്ചത്. എന്തുകൊണ്ട് റിപ്പോർട്ടിൽ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വർഷം എന്തെടുക്കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് ചോദിച്ചു.
റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവെച്ച കവറിൽ സർക്കാർ ഹൈകോടതിയിൽ നൽകിയിരുന്നു. ഇത് ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കൈമാറാൻ കോടതി നിർദേശിക്കുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് ലഭിക്കുന്നതോടെ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടിവരും. നേരത്തെ, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന വാദം മുൻനിർത്തി ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്.