എഴുപത് വയസ്സിന് മുകളിലുളള എല്ലാവര്ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാണ് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കും. കേന്ദ്ര മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും അവരുടെ സാമൂഹിക- സാമ്പത്തിക നില പരിഗണിക്കാതെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 70 വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്ക് അഞ്ച് ലക്ഷം രൂപയുടെ അധിക പരിരക്ഷയാകും ലഭിക്കുക. അധികമായി ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്ക് പങ്കിടാനാവില്ല.
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിലവില്‍ 12.34 കുടുംബങ്ങളിലെ 55 കോടി ആളുകള്‍ പങ്കാളികളാണ്. 70 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാരേയും സൗജന്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീമിന് കീഴിലുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.