ന്യൂഡൽഹി: ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന് മരണപ്പെട്ടത് ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ അമ്മ ജോലി സമ്മർദ്ദം മൂലമാണ് മകൾ മരിച്ചതെന്ന് വ്യക്തമാക്കി കമ്പനിയുടെ ഇന്ത്യാ വിഭാഗം മേധാവിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടത്.
കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ചൂഷണവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവുമാണോ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കാൻ നിർദേശം നൽകി. അന്ന സെബാസ്റ്റ്യന്റെ മരണം കടുത്ത ദുഃഖമുണ്ടാക്കുന്ന സംഭവമാണ്. അവർക്ക് നീതി ഉറപ്പാക്കാനായി ഇടപെടൽ നടത്തുമെന്നും മന്ത്രി എക്സിലെ പോസ്റ്റിലൂടെ ഉറപ്പ് നൽകി.
കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെയാണ് കഴിഞ്ഞ ജൂലൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന.