ന്യൂഡൽഹി: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ നിയോഗിച്ച് കോൺഗ്രസ് കേന്ദ്ര നേതൃത്വം. ജെ.കെ.പി.സി.സി ആക്ടിങ് വർക്കിങ് പ്രസിഡന്റുമാരായി എം.കെ ഭരദ്വാജ്, ഭാനു മഹാജൻ എന്നിവരെ നിയോഗിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശ പ്രകാരം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് നിയമനവാർത്ത പുറത്തുവിട്ടത്.
മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18ന് 24 സീറ്റിലേക്ക് നടന്ന ആദ്യ ഘട്ടത്തിൽ 58.85 ശതമാനം പോളിങ് രേഖപ്പെടുത്തി. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് – 77.23 ശതമാനം. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ പുൽവാമയിൽ 43.87 ശതമാനമാണ്.
അനന്തനാഗ് – 54.17, ദോഡ – 69.33, കിഷ്ത്വാർ – 77.23, കുൽഗാം – 59.62, പുൽവാമ – 43.87, റാംബൻ -67.71, ഷോപിയൻ – 53.64 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിങ് ശതമാനം.
സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് തീയതികളിൽ രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്.