മെഗാസ്റ്റാർ ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോർഡ്. ഏറ്റവും കൂടുതൽ ഗാനങ്ങളിൽ ഏറ്റവും കൂടുതൽ നൃത്ത ചുവടുകൾ വെച്ച നായകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്.
156 സിനിമകളിലെ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകൾ വെച്ചതാണ് ചിരഞ്ജീവിയെ റെക്കോർഡിന് അർഹനാക്കിയത്. ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോർഡിന്റെ സാക്ഷ്യപത്രം കൈമാറി.
ചിരഞ്ജീവിയുടെ ആദ്യ ചിത്രത്തിന്റെ 46 -ാം വാർഷികമായ സെപ്റ്റംബർ 22 നാണ് പുതിയ റെക്കോർഡ് തേടിയെത്തിയത്. 1978 ലായിരുന്നു ചിരഞ്ജീവിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ബോളിവുഡ് താരം ആമിർ ഖാനാണ് ചിരഞ്ജീവിക്ക് ഗിന്നസ് പുരസ്കാരം സമ്മാനിച്ചത്. ചിരഞ്ജീവിയുടെ നേട്ടം തെലുങ്ക് ജനതയ്ക്ക് അഭിമാനമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.
‘ കരിയറില്‍ 24,000 നൃത്തച്ചുവടുകള്‍ അദ്ദേഹം അവതരിപ്പിച്ചു! 46 വര്‍ഷത്തെ അവിശ്വസനീയമായ ജീവിതം! ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച താരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതിന് ചിരഞ്ജീവി ഗാരുവിന് അഭിനന്ദനങ്ങള്‍’ – രാജമൗലി
തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരവും ചിരഞ്ജീവിക്ക് ലഭിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രം വിശ്വംഭരയാണ് ഇനി ചിരഞ്ജീവിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്ത ചിത്രം 2025 ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.