കോഴിക്കോട്: ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ അൽഖാഇദ ഭീകരനേക്കാൾ വലിയ ഭീകരനാക്കി ചിത്രീകരിച്ചുവെന്ന് അര്ജുന്റെ ലോറി ഉടമ മനാഫ്.
‘എന്റെ വണ്ടി കിട്ടാൻ വേണ്ടിയാണ് ഞാൻ പിന്നാലെ നടക്കുന്നത് എന്നായിരുന്നു ചിലരുടെ ആരോപണം. എന്നാൽ, വണ്ടി കിട്ടാനോ ഇൻഷുറൻസ് കിട്ടാനോ എനിക്ക് ഇതിന്റെ ആവശ്യമില്ല. എഫ്.ഐ.ആർ ക്ലോസ് ചെയ്താൽ ഇൻഷുറൻസ് ശരിയാക്കി നൽകാമെന്ന് എന്നോട് കലക്ടർ അടക്കമുള്ളവർ പറഞ്ഞതാണ്.
അർജുന്റെ ഡെത്ത് സർട്ടിഫിക്കറ്റ് കൂടി നൽകുമോ എന്ന് ഞാൻ ചോദിച്ചു. കാരണം, അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ അത് ആവശ്യമാണ്. ഞാൻ എഫ്.ഐ.ആർ ക്ലോസ് ചെയ്താൽ പിന്നെ തിരച്ചിൽ നിൽക്കും. അങ്ങനെ സംഭവിച്ചാൽ അർജുനെ കുറിച്ച് ഒരുവിവരവും കിട്ടില്ല. മിസ്സിങ് കേസ് മാത്രമായി മാറും.
ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഏഴ് വർഷം കഴിയും. കുടുംബത്തിന് സഹായം കിട്ടുന്നതും അതിനേക്കാൾ വൈകും. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. അർജുനെ തിരിച്ചെത്തിക്കുമെന്ന് ഞാൻ കുടുംബത്തിന് കൊടുത്ത വാക്കാണ്. അതിനാൽ തിരച്ചിൽ തുടരേണ്ടത് അനിവാര്യമായിരുന്നു’ -മനാഫ് പറഞ്ഞു.
‘എന്നെ കള്ളക്കടത്തുകാരനാക്കി, കുഴൽപണക്കാരനാക്കി, അൽഖാഇദ ഭീകരനേക്കാൾ വലിയ ഭീകരനാക്കി ചിലർ വാർത്തകൾ കൊടുത്തു. അർജുനെ ഒളിപ്പിച്ചു, ലോറിയും മരവും ഒളിപ്പിച്ചു എന്നിങ്ങനെയും ആരോപണം വന്നു. അതിൽ ഏറ്റവും സങ്കടകരം, തിരച്ചിലിന്റെ ആദ്യ നാളുകളിൽ അതിന്റെ ദൃശ്യങ്ങളടക്കം കിട്ടാൻ അവർ എന്നെയായിരുന്നു വിളിച്ചത്.
അവർക്ക് അവിടെ വന്ന് ദൃശ്യങ്ങൾ എടുക്കാൻ സാമ്പത്തിക ശേഷിയില്ല, ദൃശ്യങ്ങളും വിവരങ്ങളും തന്ന് സഹായിക്കണം എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. എന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം ഫോൺ വിളിച്ച് അതെല്ലാം വളച്ചൊടിച്ച് ഓൺലൈനിൽ വാർത്തയായി നൽകി. അതേക്കുറിച്ച് പലരും ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഞാനറിയുന്നത്. അതൊന്നും നോക്കാൻ എനിക്ക് നേരമുണ്ടായിരുന്നില്ല, തിരച്ചിൽ നിലക്കാതിരിക്കാൻ ഓടി നടക്കുകയായിരുന്നു.
പിന്നീടവർ എന്നെ ഇന്ത്യയിൽ അൽഖാഇദയേക്കാൾ വലിയ ഭീകരനാക്കി. വീട്ടുകാർ എങ്ങനെ ഇതിനെ കാണുമെന്നൊന്നും അവർ ചിന്തിച്ചില്ല. അഥവാ ഡ്രഡ്ജർ മടങ്ങുംമുമ്പ് അർജുനെ കിട്ടിയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?. എനിക്കിത് താങ്ങാൻ കഴിയും. ചില ആളുകൾക്ക് അത് താങ്ങാൻ കഴിയില്ല.
ഞാൻ തീയിൽ കുരുത്തതിനാൽ ഇത്തരം വെയിലിലൊന്നും വാടില്ല. എന്നാൽ, എനിക്ക് പകരം മറ്റൊരാളെ കുറിച്ചാണ് ഇത്തരം വ്യാജ വാർത്തകൾ കൊടുത്തിരുന്നതെങ്കിൽ അർജുൻ പോയതിന് പിന്നാലെ അയാളും അയാളുടെ കുടുംബവും ഈ ലോകത്ത് നിന്ന് പോയേനേ…’ -മനാഫ് പറഞ്ഞു.