മലപ്പുറം: തൃശൂർ പൂരം കലക്കിയെന്ന ആരോപണം ഗൗരവമുള്ളതെന്നും, അത് തങ്ങൾ വിടാൻ പോകുന്നില്ലെന്നും പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞ ഒന്നുംതന്നെ സ്വീകാര്യമല്ലെന്നും യു.ഡി.എഫ് നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
പൊലീസ് കലക്കിയെന്ന ആരോപണം പൊലീസിലെ തന്നെ വേറൊരു ഏജൻസിയായ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ഇതിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണം. അൻവർ മാത്രമല്ല, വി.എസ്. സുനിൽകുമാറടക്കം ഭരണകക്ഷി നേതാക്കൾ ഈ ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അത് ഗൗരവമുള്ള കാര്യമാണ്. പൊലീസിന്റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല.
ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ് സംവിധാനമാണ് അവിടെ പരാജയപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഇതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്തമായ കാമ്പയിൻ സംഘടിപ്പിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.