ന്യൂഡൽഹി: അന്‍വറിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി മുഖ്യമന്ത്രി. അൻവറിന്റെ ആരോപണത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അൻവറിന്റെ ആരോപണങ്ങൾ ആ രീതിയിൽ കാണാതെ അന്വേഷണം പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഇന്നലെ വാർത്തസമ്മേളനം നടത്തി പാർട്ടിക്കെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയും എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറയുകയും ചെയ്തു. ഇതിലൂടെ തന്നെ അൻവറിന്റെ ആരോപണങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർട്ടിക്ക് പുറത്തേക്ക് പോവുകയാണ് അൻവറിന്റെ ലക്ഷ്യം. എൽ.ഡി.എഫിന്റെ രാഷ്ട്രീയശത്രുക്കളുടെ ആയുധമായി അൻവർ മാറി. പാർട്ടിയേയും സർക്കാറിനേയും അപകീർത്തിപ്പെടുത്തുകയാണ് അൻവറിന്റെ ലക്ഷ്യം.
മുഴുവൻ ആരോപണങ്ങളും തള്ളിക്കളയുകയാണ്. ഇതുസംബന്ധിച്ച് വിശദമായ പ്രതികരണം പിന്നീട് നടത്തും. അൻവർ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം മാറ്റമില്ലാതെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.