മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പിവി അൻവർ എംഎൽഎ. പ്രത്യാഘാതം ഭയക്കുന്നില്ലെന്ന് അന്‍വര്‍. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു.
തനിക്ക് ഇനി ജുഡീഷ്യറിയിൽ മാത്രമേ വിശ്വാസമുള്ളുവെന്നും പി.വി അൻവർ എം.എൽ.എ പറഞ്ഞു. തിങ്കളാഴ്ച താൻ ഇക്കാര്യത്തിൽ ഹൈകോടതിയെ സമീപിക്കും. താൻ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിങ് ജഡ്ജി അന്വേഷിക്കണം. പി.വി അൻവറിന്റെ പങ്കും അന്വേഷിക്കട്ടെ. താൻ ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയാണ്. കൺവീനർ കത്ത് നൽകിയാൽ മുന്നണി യോഗത്തിൽ പങ്കെടുക്കുമെന്നും പി.വി അൻവർ പറഞ്ഞു.
മനസ്സ് കൊണ്ട് എൽ.ഡി.എഫ് വിട്ടിട്ടില്ല. അങ്ങനെ പറഞ്ഞെങ്കിൽ എന്റെ നാക്കുപിഴയാണെന്നും അൻവർ പറഞ്ഞു.മുഖ്യമന്ത്രി വായിച്ചത് എ.ഡി.ജി.പിയുടെ വാറോല. നിലവിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം മോശം അവസ്ഥയിലാണ്. താഴെതട്ടിൽ അന്വേഷണം നടക്കുന്നില്ലെന്നും പി.വി അൻവർ ആരോപിച്ചു.
നേരത്തെ പാർട്ടിയെ നിയന്ത്രിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി.ശശിയും ചേർന്നാണെന്ന് അൻവർ പറഞ്ഞിരുന്നു.