- പി വി അൻവർ എംഎൽഎയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ പാർട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. പാർലമെൻററി പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ തന്നെ അൻവറുമായുള്ള എല്ലാ ബന്ധവും പാർട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. പാർട്ടിക്ക് കിട്ടിയ പരാതി പരിശോധിക്കുകയാണ്. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
- സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അൻവർ. പാർട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് അൻവർ ആവർത്തിച്ചു. സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവറിൻറെ പ്രഖ്യാപനം.
- പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി. അൻവറിന്റെ ഉദ്ദേശ്യം വ്യക്തമാണ്. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു വിശദമായി പറയേണ്ടതുണ്ട്. പിന്നീടൊരു ഘട്ടത്തിൽ ആ കാര്യങ്ങളെപ്പറ്റി വിശദമായി പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. തൃശ്ശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൻ അന്വേഷണം നടത്തുക, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, അഴിമതിക്കാരനായ എഡിജിപി എം ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യുക, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് എംഎം ഹസ്സൻ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
- ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. ആദ്യം മൊഴി രേഖപ്പെടുത്തിയപ്പോൾ ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും അറിയാനായിരുന്നു വീണ്ടും മൊഴിയെടുക്കൽ.
- കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.
- അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാനുള്ള കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകൾ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചു. എംഎം ലോറൻസിൻറെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കണമെന്ന കളമശ്ശേരി മെഡിക്കൽ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയിൽ ഹർജി നൽകി. മതാചാരപ്രകാരം സംസ്കരിക്കണമെന്ന മൂത്ത സഹോദരി സുജാതയുടെ നിലപാടും ആശ ഹൈക്കോടതിയെ അറിയിക്കും. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.
- സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള 29 വയസ്സുകാരനെ വൈകാതെ തന്നെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
- കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
- കേരളത്തിൽ വരും ദിവസങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്തംബർ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
- തൃശൂരിലെ മൂന്ന് എടിഎം സെന്ററുകളിൽ നിന്ന് ഇന്ന് രാവിലെ പണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ തമിഴ്നാട് പൊലീസ് അതീവസാഹസികമായി പിടികൂടി. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്ന് കേരള പൊലീസ് വിവരം നൽകിയതിനെ തുടർന്നാണ് തമിഴ്നാട് പൊലീസ് പിന്തുടർന്നത്. പണം കണ്ടെയ്നറിൽ കൊണ്ടുപോകുന്നതിനിടെ പിന്തുടർന്ന് നാമക്കലിൽ പൊലീസുമായി പ്രതികൾ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പ്രതി കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
- കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ കുത്തി ക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. വിചാരണ നിർത്തിവെയ്ക്കണമെന്ന അഭിഭാഷകൻ ബി എ ആളൂരിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നവംബർ 11 ന് കേസ് വീണ്ടും പരിഗണിക്കും.
- മൈസൂരു നഗരവികസന അതോറിറ്റി ഭൂമിയിടപാട് കേസിൽ ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതിനുപിന്നാലെ കർണാടക മുഖ്യമന്ത്രി ജി. സിദ്ധരാമയ്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ലോകായുക്ത. സിദ്ധരാമയ്യക്കെതിരെ കേസെടുക്കാൻ ലോകായുക്ത പോലീസിന് പ്രത്യേക കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഭവത്തിൽ ലോകായുക്ത എഫ്.ഐ.ആർ. രേഖപ്പെടുത്തിയത്.
- സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഫോഴ്സ കൊച്ചി എഫ്സിയും തിരുവനന്തപുരം കൊമ്പൻസും ഇന്ന് ഏറ്റുമുട്ടും. ഇരുവർക്കും ലക്ഷ്യം രണ്ടാണ്. ഇന്നു ജയിച്ചാൽ പോയിന്റ് പട്ടികയിൽ കൊമ്പൻസ് ഒന്നാമതെത്തും. ഫോഴ്സ കൊച്ചി മോഹിക്കുന്നതു ലീഗിലെ ആദ്യ ജയവുമാണ്. 3 കളികളിൽ 2 സമനിലയും ഒരു തോൽവിയും അക്കൗണ്ടിലുള്ള കൊച്ചി സ്വന്തം ഗ്രൗണ്ടിൽ ആഗ്രഹിക്കുന്നതു വിജയം മാത്രം. ഇന്നു രാത്രി 7.30 നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്നത്തെ വാര്ത്തകള്
ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും - അന്വര്
Leave a comment
Leave a comment