ചെന്നൈ : തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച് മന്ത്രിയും, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു.
കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ എത്തുന്നവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കൾ, എന്നിവർ പങ്കെടുത്തു.
ഉദയനിധി മന്ത്രിസഭാംഗമായതിനാൽ തന്നെ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്.