ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് പിന്നാലെ ആരംഭിച്ച വിജയപ്രഖ്യാപന തര്‍ക്കത്തില്‍ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളുടെ വീഡിയോ പരിശോധന ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് കലക്ടർ അലക്സ് വർഗീസിന്റെ ചേംബറിൽ ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയാണ് പരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കുക.
നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് മൈക്രോസെക്കൻഡിന്റെ പേരിൽ തർക്കമുണ്ടാകുന്നത്. മത്സരത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ നെഹ്റു ട്രോഫി വള്ളംകളി കഴിഞ്ഞ് അഞ്ചാം ദിവസത്തെ പുനഃപരിശോധനയും ആദ്യമാണ്.
ഫൈനലിൽ അന്തിമവിശലകനം നടത്താതെ കാരിച്ചാൽ ചുണ്ടനെ വിജയിയെ പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടൻ), സ്റ്റാർട്ടിങ് പോയന്റിലെ അപാകത മൂലം ട്രോഫിനഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടൻ വള്ളസമിതിയും (കുമരകം ടൗൺ ബോട്ട് ക്ലബ്) നൽകിയ പരാതി പരിഗണിച്ചാണ് എൻ.ടി.ബി.ആർ ചെയർമാൻകൂടിയായ കലക്ടറുടെ ഇടപെടൽ.
ഫോട്ടോഫിനിഷിങ് മത്സരത്തിന് വഴിയൊരുക്കിയ ചുണ്ടൻവിഭാഗം ഫൈനലിന്റെ വിഡിയോ പരിശോധിക്കുന്നതിന് മുമ്പ് വിധികർത്താക്കളിൽനിന്ന് വിശദീകരണം തേടും.