ഹൈദരാബാദ് : ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദക്കെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. മുസ്ലിം മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിർ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. മുഹമ്മദ് പെർവായിസ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകൾ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമർശം. ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കിൽ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.
പിന്നാലെ ഉത്തർപ്രദേശ് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മേജര്‍ ആശാറാം വ്യാഗ് സേവാ സന്സ്ഥാന് ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ൽ ഹരിദ്വാറിൽ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.