കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ചെന്നൈയിലെത്തി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പി വി അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിയുമായും മുഖ്യമന്ത്രിയുമായും തെറ്റിയ അന്‍വര്‍ നിയമസഭയില്‍ തന്റെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ പിറകെ പോകേണ്ടതില്ലെന്നാണ് സിപിഐഎം സംസ്ഥാന സമിതിയുടെ തീരുമാനം.