തിരുവനന്തപുരം : എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ വീഴ്ചകൾ നിരത്തിയ റിപ്പോർട്ട് ഡി.ജി.പി ഇന്നലെ സർക്കാറിന് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
റിപ്പോർട്ടിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന പാലന ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്.
ഡി.ജി.പി ഷേക്ക് ദർവേശ് സാഹിബ് മുഖ്യമന്ത്രിയെ കാണാൻ സമയം തേടി. പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ക്ലിഫ് ഹൗസിലെത്തിയിട്ടുണ്ട്. പുറത്താക്കലിന് അപ്പുറത്തേയ്ക്കുള്ള എന്തെങ്കിലും നടപടികൾ മുഖ്യമന്ത്രി കൈക്കൊള്ളുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
റിപ്പോർട്ടിൽ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നടപടി ആസന്നമാണെന്ന സൂചന നൽകി ആദ്യപടിയെന്നോണം ഇന്നലെ ശബരിമല അവലോകനയോഗത്തിൽനിന്ന് എ.ഡി.ജി.പിയെ മാറ്റിനിർത്തിയിരുന്നു.
രണ്ട് പ്രമുഖ ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ഗുരുതര വീഴ്ചയാണെന്ന നിരീക്ഷണത്തോടെയാണ് പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കും ഐ.പി.എസുകാർക്കുള്ള വിലക്ക് ലംഘിച്ചതായും ഔദ്യോഗിക പദവിയിലിരിക്കുന്നവർ അധികാര സ്ഥാനങ്ങളില്ലാത്ത നേതാക്കളെ കാണേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പരിചയപ്പെടാനുള്ള സ്വകാര്യ സന്ദർശനമെന്ന അജിത്കുമാറിന്റെ വാദവും അദ്ദേഹം തള്ളി. ഔദ്യോഗിക പദവിയുടെ ദുരുപയോഗം സർവിസ് ചട്ടലംഘനം എന്നിവ നിരത്തുന്ന റിപ്പോർട്ട് കുറ്റമറ്റതാക്കാൻ ശ്രമകരമായ ദൗത്യമാണ് ഡി.ജി.പിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി പൊലീസ് ആസ്ഥാനത്ത് നടന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കൂർ നീണ്ട മാരത്തൺ യോഗത്തിന്റെ തുടർച്ചയായി ശനിയാഴ്ചയും മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലാണ് റിപ്പോർട്ടിന് അന്തിമരൂപമായത്.