തിരുവനന്തപുരം : സംസ്ഥാനത്ത് മസ്റ്ററിങ്ങിനുള്ള അവസാന തീയതി ഇന്ന് അസാനിക്കാനിരിക്കെ 75 ശതമാനം പേരുടെ മസ്റ്ററിങ് മാത്രം പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ് നീട്ടിയേക്കും. ഇന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം അന്തിമ തീരുമാനമെടുക്കും.
ആധാറിലെയും റേഷൻ കാർഡിലെയും പേരുകളിലെ പൊരുത്തക്കേടുകൾ മൂലം മസ്റ്ററിങ് അസാധുവായവർ കാർഡിലെ പേരുകൾ തിരുത്തേണ്ടി വരും. 10 വയസ്സിനു താഴെയുള്ള ഒമ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരം ശേഖരിക്കാൻ എന്തു സംവിധാനം വേണമെന്ന കാര്യവും യോഗം ചർച്ച ചെയ്യും.
താലൂക്ക് സപ്ലൈ ഓഫിസർമാർ അംഗീകരിക്കാത്തതിനാൽ ഒരു ലക്ഷത്തിലേറെ പേരുടെ മസ്റ്ററിങ് അസാധുവായിരുന്നു. പേരുകൾ തിരുത്തിയാലും അത് ഹൈദരാബാദിലെ എ.ഇ.പി.ഡി.എസ് സെർവറിൽ അപ്ലോഡ് ചെയ്യുന്നത് എല്ലാ മാസവും 21നാണ്. അതിനാൽ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരും. ഇതിനു ശേഷമേ ഇവർക്ക് മസ്റ്ററിങ് വീണ്ടും നടത്താനാകൂ.