ശ്രീനഗർ : ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൽതിജ മുഫ്തി ബിജ്ബെഹറ മണ്ഡലത്തിൽ പരാജയപ്പെട്ടു. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പി.ഡി.പി സ്ഥാനാർഥിയുമായിരുന്നു ഇൽതിജ മുഫ്തി. നാഷണൽ കോൺഫറൻസ് സ്ഥാനാർഥി ബഷീർ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. പരാജയം അംഗീകരിക്കുന്നുവെന്ന് ഇൽതിജ പ്രതികരിച്ചു.
1990കൾ മുതൽ മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയാണ് ബിജ്ബെഹറ. 1996ൽ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1999 മുതൽ ഇവിടെ നിന്ന് വിജയിച്ചുവരികയായിരുന്നു. പി.ഡി.പിയുടെ ശക്തികേന്ദ്രമായ ബിജ്ബെഹറ മണ്ഡലത്തിൽ നിന്നുള്ള തോൽവി പാർട്ടിയുടെ കണക്കുകൂട്ടലുകൾക്കപ്പുറത്താണ്.
ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരിക്കാനില്ലെന്നാണ് മെഹ്ബൂബ മുഫ്തിയുടെ നിലപാട്. സംസ്ഥാനപദവിയും പ്രത്യേക പദവിയും പുന:സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. മെഹ്ബൂബ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെയാണ് ഇൽതിജയെ കോട്ട നിലനിർത്താൻ രംഗത്തിറക്കിയത്. എന്നാൽ, പരാജയം പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ബിജ്ബെഹറയിലെ ജനങ്ങൾ കാണിച്ച സ്നേഹവും വാത്സല്യവും എന്നും എന്നോടൊപ്പമുണ്ടാകും. എനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ എല്ലാ പി.ഡി.പി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു -ഇൽതിജ പറഞ്ഞു.