പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം.
നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്.
രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്ക്കുന്നതില് രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്ന് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി.